Monday, April 29, 2024
keralaNewspolitics

പെണ്‍മക്കളെ പീഡിപ്പിച്ച കേസ്; ഡല്‍ഹി സ്വദേശികള്‍ നേരിട്ടത് കടുത്ത അനീതി

കൊച്ചി: വീടുവിട്ടിറങ്ങിയ പെണ്‍മക്കളെ കണ്ടെത്തിയ ശേഷം അവരെ പീഡിപ്പിച്ചെന്ന പേരില്‍ ആണ്‍മക്കളെ പൊലീസ് കള്ളകേസില്‍ കുടുക്കിയെന്ന പരാതിയില്‍ ഇടപെട്ട് ഹൈക്കോടതി. കൊച്ചിയില്‍ ചെരിപ്പു കച്ചവടം നടത്തുന്ന ഡല്‍ഹി സ്വദേശികളായ ദമ്പതികളുടെ മക്കളുമായി ബന്ധപ്പെട്ട വിഷയം ഒരു അഭിഭാഷകന്‍ ശ്രദ്ധയില്‍പെടുത്തിയതോടെയാണ് കോടതി സ്വമേധയാ കേസെടുത്തത്. സ്വമേധയാ കേസെടുത്ത ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കൊച്ചി സിറ്റി പൊലീസ് കമ്മിഷണറോട് നിര്‍ദ്ദേശിച്ചു. അഭിഭാഷകനായ എ.വി. ജോജയാണ് വാര്‍ത്ത കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ആരോപണത്തിലെ നിജസ്ഥിതി അറിയില്ല. പക്ഷെ സംഭവം ശരിയാണെങ്കില്‍ അങ്ങേയറ്റം അപകടകരമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. മുദ്ര വച്ച കവറിലാണ് റിപ്പോര്‍ട്ട് കോടതിക്ക് മുന്‍പാകെ സമര്‍പ്പിക്കേണ്ടത്.

ചീഫ് ജസ്റ്റിസിന്റെ അനുമതിയോടെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ രജിസ്റ്ററിക്ക് നിര്‍ദ്ദേശം നല്‍കി. ആഭ്യന്തരവകുപ്പ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് കേസ്. കുടുംബത്തിന് ബുദ്ധിമുട്ട് ഉണ്ടാകരുത്. ആവശ്യമെങ്കില്‍ അഡ്വ. എ.വി. ജോജയെ അമിക്കസ് ക്യൂറിയായി നിയമിക്കും. കേസില്‍ അന്വേഷണം തുടരുന്നതിന് തടസ്സമില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. വിഷയം 25-ന് പരിഗണിക്കും. പെണ്‍കുട്ടികളെ കാണാനില്ലെന്ന സഹോദരങ്ങളുടെ പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ഡല്‍ഹി സ്വദേശികളായ ദമ്പതികളുടെ അഞ്ചു മക്കളില്‍ 19-ഉം 14-ഉം വയസ്സുള്ള രണ്ട് പെണ്‍മക്കളാണ് ഓഗസ്റ്റ് 25ന് നാടുവിട്ടത്. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഡല്‍ഹിക്ക് പോയതാണെന്ന് കണ്ടെത്തിയിരുന്നു. പിന്നീട് ഡല്‍ഹിയില്‍ അന്വേഷിക്കാന്‍ പൊലീസ് നിര്‍ദ്ദേശം നല്‍കുകയും ഡര്‍ഹി പൊലീസിന്റെ സഹായത്തോടെ കുട്ടികളെ കണ്ടുപിടിക്കുകയുമായിരുന്നു. പിന്നീട് 19 വയസ്സുള്ള മൂത്ത കുട്ടിയെ സുബൈര്‍ എന്ന ഒരാള്‍ പീഡിപ്പിച്ചതായി കണ്ടെത്തുകയും ഇയാളെ പിടികൂടുകയും ചെയ്തു. തുടര്‍ന്ന് കേരളാ പൊലീസെത്തി ഇവരെ നാട്ടിലെത്തിക്കുകയായിരുന്നു.

19കാരിയായ മകള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസിനായി വാങ്ങിനല്‍കിയ മൊബൈല്‍ ഫോണിലൂടെയാണ് കുട്ടികള്‍ പ്രതിയെ പരിചയപ്പെടുന്നത്. അങ്ങിനെ ഇയാള്‍ കുട്ടികളെ കടത്തിക്കൊണ്ടു പോവുകയായിരുന്നെന്ന് മാതാപിതാക്കള്‍ പറയുന്നു. നാട്ടിലെത്തിച്ച പെണ്‍കുട്ടികളെ ചില്‍ഡ്രന്‍സ് ഹോമിലാണ് പാര്‍പ്പിച്ചിരുന്നത്. അവിടെ വച്ച് തന്നെ രണ്ട് സഹോദരന്മാര്‍ പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയതോടെ അവരെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയുടെ ഇളയ സഹോദരനായ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെയും കേസിന്റെ അന്വേഷണത്തിന്റെ പേരില്‍ പൊലീസ് ചോദ്യം ചെയ്തതായും പറയുന്നു.

ആണ്‍കുട്ടികളെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ പൊലീസ് അഞ്ച് ലക്ഷം രൂപ ചോദിച്ചെന്ന് മാതാപിതാക്കള്‍ ആരോപിക്കുന്നത്. ഈ സംഭവത്തില്‍ കുടുംബത്തിന് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയില്‍ അന്വേഷണം കൊണ്ടുപോവരുതെന്നും നിലവിലെ അന്വേഷണം തുടരാമെന്നുമാണ് കോടതി വ്യക്തമാക്കിയത്. മാധ്യമങ്ങളിലൂടെയാണ് സംഭവം പുറത്ത് വന്നത്. വിഷയത്തിന്റെ സത്യാവസ്ഥ വ്യക്തമല്ലെങ്കിലും കോടതിയുടെ പരിഗണന ഇതില്‍ ആവശ്യമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. ഹര്‍ജി ഈ മാസം 25നാണ് വീണ്ടും പരിഗണിക്കുക.