Thursday, May 16, 2024
keralaNewspolitics

പുരുഷ പൊലീസ് വനിതാ നേതാവിന്റെ വസ്ത്രം വലിച്ചുകീറിയെന്ന് പ്രതിപക്ഷ നേതാവ്

യൂത്ത് കോണ്‍ഗ്രസിന്റെ സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ പുരുഷ പൊലീസ് വനിതാ നേതാവിന്റെ വസ്ത്രം വലിച്ചുകീറിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഈ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നും സതീശന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.വനിതാ പ്രവര്‍ത്തകരെ പുരുഷ പൊലീസുകാര്‍ വടികൊണ്ട് ആക്രമിച്ചു. പരുക്കുപറ്റിയ പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞുവച്ചു. അതുകൊണ്ടാണ് ഇത്ര വലിയ സംഘര്‍ഷമുണ്ടായത്. പൊലീസിനൊപ്പം യൂത്ത് കോണ്‍ഗ്രസ് സമരത്തെ അടിച്ചമര്‍ത്താനാവില്ല. ഈ പ്രതിഷേധം കേരളം മുഴുവനുണ്ടാവും. എസ് എഫ് ഐയുടെ പെണ്‍കുട്ടികളെ ‘മോളേ, കരയല്ലേ’ എന്നുപറഞ്ഞ് പൊലീസ് വിളിച്ചുകൊണ്ട് പോയി. ഞങ്ങളുടെ പെണ്‍കുട്ടികളുടെ വസ്ത്രം വലിച്ചുകീറി. പൊലീസിനെ അഴിഞ്ഞാടാന്‍ വിടുന്നതിന് പിണറായി വിജയന്‍ മറുപടി പറയണം. സന്തോഷത്തോടെ ഭരിക്കാമെന്ന് കരുതണ്ട. ശക്തമായ പ്രതിഷേധമുണ്ടാവും. പ്രവര്‍ത്തരെ അടിച്ചാല്‍ അവര്‍ക്കൊപ്പമിറങ്ങും. പൊലീസ് സംയമനം പാലിച്ചില്ല. ഒരു പെണ്‍കുട്ടിയെ ആക്രമിച്ചു. അതൊന്നും വെച്ചുപൊറുപ്പിക്കില്ല. 100 കണക്കിനു കുട്ടികളാണ് ആശുപത്രിയിലുള്ളത്. ശക്തമായി പ്രതികരിക്കും. ഞങ്ങള്‍ ക്ഷമയുടെ നെല്ലിപ്പലക കണ്ടു. അവസാനം കുട്ടികളെ സംരക്ഷിക്കാനാണ് തെരുവിലിറങ്ങുന്നത്.