Tuesday, April 30, 2024
keralaLocal NewsNews

പി ഡബ്ല്യു ഡി റസ്റ്റ്ഹൗസുകള്‍ പീപ്പിള്‍സ് റസ്റ്റ്ഹൗസുകളാക്കി മാറ്റി;മന്ത്രി

എരുമേലി: സംസ്ഥാനത്തെ പി ഡബ്ല്യു ഡി റസ്റ്റ്ഹൗസുകള്‍ പീപ്പിള്‍സ് റസ്റ്റ്ഹൗസുകളാക്കി മാറ്റാന്‍ കഴിഞ്ഞതായി മന്ത്രി അഡ്വ. റിയാസ് മുഹമ്മദ് പറഞ്ഞു.എരുമേലിയിലെ പൊതുമരാമത്ത് റെസ്റ്റ് ഹൗസിനോടുബന്ധിച്ച് പുതുതായി നിര്‍മ്മിച്ച ബ്ലോക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ പിഡബ്ല്യ ഡി റസ്റ്റ് ഹൗസുകളില്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ മുറികള്‍ ബുക്കു ചെയ്യുവാന്‍ സംവിധാനമായിട്ടുണ്ട്.   കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 65000 പേര്‍ക്ക് ഈ സംവിധാനം പ്രയോജനപ്പെട്ടിട്ടുണ്ട്. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് റോഡുകള്‍ നവംബര്‍ 15ന് മുമ്പ് ഗതാഗതയോഗ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. കാലാവസ്ഥയിലെ വ്യതിയാനം റോഡിന്റെ അറ്റകുറ്റപണികളെ ബാധിക്കുന്നുണ്ട്. ശബരിമല റോഡുകളുടെ സ്ഥിതി താന്‍ നേരില്‍ കണ്ട് ബോധ്യപ്പെട്ടതായും മന്ത്രി റിയാസ് പറഞ്ഞു. ശബരിമലയുമായി ബന്ധപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ കര്‍ശന നടപടികളാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എരുമേലിയില്‍ 1.6 കോടി രൂപ ചിലവിലാണ് റസ്റ്റ് ഹൗസ് നിര്‍മ്മിച്ചിട്ടുള്ളത്. ശബരിമലയില്‍ സത്രത്തില്‍ റൂം-ഡോര്‍മെറ്ററി സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ നേതൃത്വത്തില്‍ ശബരിമലയുമായി ബന്ധപ്പെട്ട റോഡുകളില്‍ സന്ദര്‍ശനം നടത്തിയാണ് 19 ല്‍ 16 റോഡും പൂര്‍ത്തിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.     റസ്റ്റ്ഹൗസ് വളപ്പില്‍ നടന്ന ഉദ്ഘാടന യോഗത്തില്‍ പൂഞ്ഞാര്‍ എം എല്‍ എ അഡ്വ: സെബാസ്റ്റന്‍ കുളത്തുങ്കല്‍ അധ്യക്ഷനായി. പത്തനംതിട്ട എംപി ആന്റോ ആന്റണി മുഖ്യ പ്രഭാഷണം നടത്തി. കെട്ടിടവിഭാഗം ചീഫ് എന്‍ജിനീയര്‍ എല്‍. ബീന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. റാന്നി എംഎല്‍എ പ്രമോദ് നാരായണന്‍, ജില്ല പഞ്ചായത്ത് അംഗം ശുഭേഷ് സുധാകരന്‍, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, എരുമേലി പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോര്‍ജുകുട്ടി, വൈസ് പ്രസിഡന്റ് അനിശ്രീ സാബു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ റ്റി.എസ് കൃഷ്ണകുമാര്‍, ജൂബി അഷറഫ്,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജസ്‌ന ജീബ്, പിഎ ഷാനവാസ്, നാസര്‍ പനച്ചി, വി ഐ അജി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ജോസ് പഴയ തോട്ടം, വി പി സുഗതന്‍, പ്രകാശ് പുളിക്കന്‍,എന്നിവരും പങ്കെടുത്തു.