Friday, April 26, 2024
keralaNews

പി.എസ്.സരിത്തിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു.

കൊച്ചി :സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ സംബന്ധിച്ചു മുന്‍മന്ത്രി കെ.ടി.ജലീല്‍ നല്‍കിയ പരാതിയില്‍, സ്വര്‍ണക്കടത്തു കേസ് പ്രതി പി.എസ്.സരിത്തിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. എറണാകുളം പൊലീസ് ക്ലബിലാണ് ചോദ്യം ചെയ്യല്‍. തന്നെയും മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ജലീല്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ ഗൂഢാലോചന, കലാപശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തി സ്വപ്ന സുരേഷ്, പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി.ജോര്‍ജ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കും എതിരെ നല്‍കിയ രഹസ്യമൊഴിയില്‍നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് തന്നെ സമീപിച്ചതായി സ്വപ്ന സുരേഷ് ആരോപിച്ച ഷാജ് കിരണിനെ പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സരിത്തിനെ ചോദ്യം ചെയ്യുന്നത്.ജലീലിന്റെ പരാതിയില്‍ തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പി എസ്.മധുസൂദനന്‍ അന്വേഷണ ഉദ്യോഗസ്ഥനായി 12 അംഗ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. ക്രൈംബ്രാഞ്ച് എഡിജിപി ഷേക്ക് ദര്‍വേഷ് സാഹിബിനാണ് മേല്‍നോട്ടച്ചുമതല.