Friday, May 10, 2024
keralaNews

പാലാ കിട്ടിയില്ലെങ്കില്‍ മുന്നണി മാറ്റം……

പാലാ സീറ്റിനെ ചൊല്ലി ഇടതുമുന്നണിയുമായി അഭിപ്രായ വ്യത്യാസം കടുത്തതോടെ മുന്നണി മാറ്റത്തെ കുറിച്ച് ഇനിയും തീരുമാനം വൈകിക്കാനാകില്ലെന്ന നിലപാടില്‍ മാണി സി കാപ്പന്‍. പാലാക്ക് പകരം കുട്ടനാട് എന്ന അനുനയ ഫോര്‍മുല എകെ ശശീന്ദ്രന്‍ പക്ഷം മുന്നോട്ട് വയ്ക്കുന്നുണ്ടെങ്കിലും പാലാ വിട്ട് ഒരു വിട്ടുവീഴ്ചക്കും ഇല്ലെന്ന ഉറച്ച നിലപാടിലാണ് മാണി സി കാപ്പന്‍. മുന്നണി മാറ്റം സംബന്ധിച്ച നിര്‍ണായ തീരുമാനങ്ങള്‍ക്കായി ദേശീയ നേതൃത്വവുമായി ഉടന്‍ ചര്‍ച്ച നടത്തും. ഇതിനായി മാണി സി കാപ്പനും സംഘവും മുംബൈക്ക് തിരിക്കും. എന്‍സിപിയുടെ മുന്നണി മാറ്റ നിലപാടിനെ കുറിച്ച് ശരത് പവാറുമായി നിര്‍ണായക ചര്‍ച്ച മറ്റന്നാള്‍ നടക്കുമെന്നാണ് വിവരം. സീറ്റ് ലഭിച്ചില്ലെങ്കില്‍ മുന്നണി മാറണമെന്ന് നിര്‍ദ്ദേശം മാണി സി കാപ്പനും സംഘവും മുന്നോട്ടു വയ്ക്കും. നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം അടുത്തിരിക്കെ തീരുമാനം ഇനിയും നീട്ടിക്കൊണ്ട് പോകാനാകില്ലെന്നാണ് കാപ്പന്റെയും സംഘത്തിന്റെയും നിലപാട്.പാലായില്‍ ജോസ് കെ മാണിയെ തന്ന മത്സരിപ്പിക്കാനുള്ള തീരുമാനവുമായി സിപിഎമ്മും ഇടത് മുന്നണിയും മുന്നോട്ട് പോകുന്നതായാണ് വിവരം. പാലായില്‍ മാണി സി കാപ്പന്‍ മത്സര രംഗത്ത് ഉണ്ടാകില്ലെന്ന വിവരം പാര്‍ട്ടി കീഴ്ഘടകങ്ങള്‍ക്ക് സിപിഎം നല്‍കിയിട്ടുണ്ടെന്നും വാര്‍ത്തകളുണ്ടായിരുന്നു. പാലായെ ചൊല്ലി മുന്നണി വിടുന്ന കാര്യത്തില്‍ എന്‍സിപിക്ക് അകത്തും ഭിന്നാഭിപ്രായം ഉണ്ട്. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ എന്‍സിപി ദേശീയ നേതൃത്വത്തിന്റെ നിലപാടും നിര്‍ണ്ണായകമാണ.്