Tuesday, May 14, 2024
keralaNews

പാലായിലെ ജനങ്ങള്‍ക്ക് വേണ്ടത് അഭിനയമല്ല പകരം വികസനമാണ് ; ജോസ് കെ മാണി

പാലായിലെ ജനങ്ങള്‍ക്ക് വേണ്ടത് അഭിനയമല്ല പകരം വികസനമാണെന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോസ് കെ മാണി. പാലായില്‍ വികസനം കൊണ്ടു വന്നത് ആരാണ് എന്നു കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും അറിയാം. പാലായെന്ന നിയോജക മണ്ഡലം കേരളത്തിനു മുഴുവന്‍ കഴിഞ്ഞ ഒരു നൂറ്റാണ്ടു കാലം മാതൃകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.നിയോജക മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ നടന്ന പ്രചാരണ പരിപാടികളില്‍ സംസാരിക്കുകയിരുന്നു അദ്ദേഹം.പാലായില്‍ ഇപ്പോള്‍ ചിലര്‍ നടത്തുന്നത് അഭിനയമാണ്. ഈ അഭിനയത്തിലൂടെ ആളുകളുടെ മനസില്‍ കയറാമെന്നാണ് കരുതുന്നത്. എന്നാല്‍, പാലായുടെ മനസിലെന്താണെന്നും പാലായ്ക്ക് വേണ്ടതെന്താണെന്നും തിരിച്ചറിഞ്ഞതാണ് കേരള കോണ്‍ഗ്രസും എല്‍ഡിഎഫും. അതുകൊണ്ടു തന്നെ പാലാ മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് അല്ലാതെ മറ്റൊരാള്‍ക്കും വികസന സ്വപ്നങ്ങള്‍ കൃത്യമായി യാഥാര്‍ഥ്യമാക്കാന്‍ സാധിക്കില്ല.വലിയ മരത്തിലെ ഒരു ചെറിയ ചില്ലയായി നിന്ന ചിലര്‍ താന്‍ വളര്‍ന്നെന്നു കരുതി താഴേയ്ക്കു എടുത്ത് ചാടും. പക്ഷേ താഴെ വീണു കഴിയുമ്‌ബോഴാണ് ആ മരത്തോടൊപ്പം നില്‍ക്കുന്നതാണ് കരുത്തെന്നു തിരിച്ചറിയുന്നത്.ആ വലിയ മരത്തോടൊപ്പമാണ് ഇപ്പോള്‍ കേരള കോണ്‍ഗ്രസും രണ്ടില ചിഹ്നവും. വലിയ മരമാകുന്ന ഇടതു മുന്നണിയിലെ രണ്ടില മാത്രമേ പാലാ മണ്ഡലത്തില്‍ വികസനം എത്തിക്കുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.