Friday, May 17, 2024
keralaNewsUncategorized

പാമ്പാടിയില്‍ ആക്രമണം നടത്തിയ നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

കോട്ടയം: പാമ്പാടിയില്‍ കഴിഞ്ഞ ദിവസം നാട്ടുകാരെ കടിച്ച തെരുവ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. വീട്ടില്‍ കിടന്നുറങ്ങിയ വിദ്യാര്‍ത്ഥിയടക്കം ഏഴു പേരെയാണ് നായ കടിച്ചത്. ഏഴാം മൈല്‍ സ്വദേശിയായ നിഷയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. വയറിലും നെഞ്ചിലുമായി മുപ്പത്തിനാലോളം മുറിവുകളാണ് വീട്ടമ്മയ്ക്കുണ്ടായത്. വീട്ടുമുറ്റത്തു വെച്ചാണ് നായ ആക്രമിച്ചത്.  ഇവരെ രക്ഷിക്കാനെത്തിയ മറ്റ് അഞ്ച് പേര്‍ക്കുമാണ് കടിയേറ്റത്. നായയെ നാട്ടുകാര്‍ കൊന്നെങ്കിലും പ്രകോപനമില്ലാതെ നായ ആക്രമണം നടത്തിയത് പേവിഷബാധ ഉളളതുകൊണ്ടാണെന്ന് സംശയം ഉയര്‍ന്നിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കാനാണ് പഞ്ചായത്ത് തീരുമാനം. കടിയേറ്റവരെല്ലാം കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് പ്രതിരോധ കുത്തിവെപ്പ് എടുത്തു. തദ്ദേശ സ്ഥാപനങ്ങള്‍ പേവിഷബാധയക്കുറിച്ച് ബോധവത്കരണം ശക്തമാക്കിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് വളര്‍ത്തുമൃഗങ്ങള്‍ക്ക് ലൈസന്‍സ് എടുക്കാനെത്തുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായി. നഗരസഭകളിലേക്കാള്‍ കൂടുതല്‍ ആളുകള്‍ ലൈസന്‍സ് എടുക്കാന്‍ എത്തുന്നത് ഗ്രാമപഞ്ചായത്തുകളിലാണ്.