Wednesday, May 1, 2024
keralaNews

 പഴയ കള്ളന്റെ പുറകെ പോയി; പോലീസ് പുതിയ മോഷണം കൈയോടെ പിടികൂടി

പഴയ കള്ളന്റെ പുറകെ പാത്തും പതുങ്ങിയും കൂടിയ പാലാ എസ്.ഐ പുതിയ മോഷണം കൈയോടെ പിടികൂടി. ഇന്നലെ പാലാ-തൊടുപുഴ റൂട്ടില്‍ ഞൊണ്ടിമാക്കല്‍ കവലയ്ക്ക് സമീപം മരിയ ഗ്രൂപ്പിന്റെ അടച്ചിട്ട വീട്ടില്‍ നിന്ന് വലിയ നിലവിളക്ക് മോഷ്ടിച്ച കേസില്‍ തോപ്രാംകുടി ഞാറക്കവല കുടമലയില്‍ രാഹുല്‍ ജോയി(31)യാണ് പിടിയിലായത്. ഇന്നലെ ഉച്ചയോടെ പാലാ എസ്.ഐ എം.ഡി അഭിലാഷ് പാലാ ടൗണിലൂടെ പട്രോളിങ് നടത്തവേ രാഹുലിനെ യാദൃച്ഛികമായി കണ്ടു.

മുന്‍പ് ചില മോഷണകേസുകളില്‍ പ്രതിയായിരുന്ന രാഹുലിനെ തിരച്ചറിഞ്ഞ എസ്.ഐ ഇയാളെ അടുത്തുവിളിച്ച് കാര്യങ്ങള്‍ തിരക്കി. തൊടുപുഴയ്ക്ക് പോകാന്‍ ബസു കാത്തുനില്‍ക്കുകയാണെന്ന് ഇയാള്‍ മറുപടി പറഞ്ഞുതുടര്‍ന്ന് എസ്.ഐ പിന്‍വാങ്ങിയെങ്കിലും മറ്റൊരിടത്ത് നിന്ന് രാഹുലിന്റെ നീക്കങ്ങള്‍ ശ്രദ്ധിച്ചു. ടൗണില്‍ നിന്ന് ഇയാള്‍ തൊടുപുഴ റൂട്ടിലേക്ക് നടക്കുന്നത് കണ്ട എസ്.ഐ, വിവരം പാലാ ഇന്‍സ്പെക്ടര്‍ കെ.പി തോംസണെ അറിയിച്ചശേഷം രാഹുലിനെ പിന്തുടര്‍ന്നു.ഇന്‍സ്പെക്ടര്‍ തോംസണും പിന്നാലെയെത്തി.പിന്നീട് ഇയാളെ റോഡില്‍ നിന്ന് കാണാതായി.മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വലിയൊരു ചാക്കുകെട്ടുമായി ഞൊണ്ടിമാക്കല്‍ കവലയ്ക്ക് സമീപം ഇയാള്‍ ഒരു ഓട്ടോയ്ക്ക് കൈനീട്ടി.

ഇത് കണ്ട എസ്.ഐ യും ഇന്‍സ്പെക്ടറും ചേര്‍ന്ന് ഓട്ടോ തടഞ്ഞ് ഇയാളെ പുറത്തിറക്കി ചാക്ക് പരിശോധിച്ചപ്പോള്‍ 30 കിലോയോളം തൂക്കം വരുന്ന വലിയ നിലവിളക്ക് കണ്ടെത്തി.അന്വേഷണത്തില്‍ സ്റ്റേറ്റ് ബാങ്ക് അറ്റാച്ച് ചെയ്തതും നാല് വര്‍ഷമായി അടഞ്ഞ് കിടക്കുന്നതുമായ മരിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ നിന്ന് മോഷ്ടിച്ചതാണന്ന് കണ്ടെത്തി. ആക്രികച്ചവടവുമായി അലഞ്ഞുതിരിയുന്ന രാഹുല്‍ പകല്‍ മാത്രമേ മോഷ്ടിക്കാറുള്ളുവെന്ന് പോലീസ് പറഞ്ഞു.വീട്ടില്‍ നിന്ന് മറ്റെന്തെങ്കിലും മോഷണം പോയിട്ടുണ്ടോയെന്ന് തിങ്കളാഴ്ച ( നാളെ) ബാങ്ക് അധികൃതര്‍ എത്തിയശേഷം തുടരന്വേഷണം നടത്തുമെന്ന് പാലാ എസ്.എച്ച്.ഒ കെ.പി തോംസണ്‍ പറഞ്ഞു.