Friday, April 26, 2024
keralaNews

പരാതി കേള്‍ക്കാന്‍ കളക്ടര്‍ ഓണ്‍ലൈനില്‍

ഓണ്‍ലൈനിലൂടെ പൊതുജനങ്ങളുടെ പരാതി കേള്‍ക്കാന്‍ അദാലത്ത് സംഘടിപ്പിച്ചു ജില്ലാ കളക്ടര്‍ നവ്‌ജ്യോത് ഖോസ. കോവിഡിന്റെ പശ്ചാത്തലത്തിലാണു പരാതി പരിഹാര അദാലത്ത് പൂര്‍ണമായി ഓണ്‍ലൈന്‍ മുഖേനയാക്കിയത്. ഇന്നലെ നെടുമങ്ങാട് താലൂക്കില്‍ നടത്തിയ ഓണ്‍ലൈന്‍ അദാലത്തില്‍ 183 പരാതികള്‍ സ്വീകരിച്ചു. 45 എണ്ണം തീര്‍പ്പാക്കി. സര്‍ക്കാര്‍ സേവനം ജനങ്ങളുടെ സമീപത്തെത്തിക്കുക.

എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണു മാസത്തിന്റെ ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ചകളില്‍ താലൂക്ക് അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ അദാലത്ത് സംഘടിപ്പിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇതു പൂര്‍ണമായി ഓണ്‍ലൈനിലേക്കു മാറ്റാന്‍ തീരുമമാനിക്കുകയായിരുന്നു. താലൂക്ക് പരിധിലെ പത്ത് അക്ഷയ കേന്ദ്രങ്ങളെ ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്നതിനും ജില്ലാ കളക്ടറുമായുള്ള ആശയ വിനിമയത്തിനും തെരഞ്ഞെടുത്തു.

ലഭിച്ച അപേക്ഷകളുടെ പ്രാധാന്യമനുസരിച്ച് 28 അപേക്ഷകരെ കളക്ടറുമായി നേരിട്ട് ആശയ വിനിമയത്തിനു തിരഞ്ഞെടുത്തു. ഇവര്‍ക്കെല്ലാം ടൈം സ്ലോട്ടുകള്‍ നല്‍കി. ജില്ലാ കളക്ടര്‍ ഈ അപേക്ഷകരെ വിശദമായി കേട്ടു പരാതികളില്‍ തീര്‍പ്പുണ്ടാക്കി. പരാതികളില്‍ അടിയന്തര തീരുമാനമെടുക്കുന്നതിനു ജില്ലാ, താലൂക്ക് തല ഉദ്യോഗസ്ഥര്‍ വിവിധ ഓഫിസുകളില്‍നിന്ന് ഓണ്‍ലൈന്‍ മുഖേന അദാലത്തില്‍ പങ്കെടുത്തു. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട പരാതികളില്‍ തീര്‍പ്പുണ്ടാക്കുന്നതിനായി താലൂക്ക് പരിധിയിലെ വില്ലേജ് ഓഫിസര്‍മാര്‍ അതാത് ഓഫിസുകളില്‍ എത്തിയിരുന്നു. തീര്‍പ്പാക്കാന്‍ ബാക്കിയുള്ള പരാതികളില്‍ സമയബന്ധിതമായി നടപടി സ്വീകരിക്കുന്നതിനു ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് അയച്ചുകൊടത്തതായി കളക്ടര്‍ അറിയിച്ചു.

Leave a Reply