Monday, May 6, 2024
keralaNewsObituary

പമ്പാനദിയില്‍ കുളിക്കാനിറങ്ങിയ 3 പേര്‍ മുങ്ങിമരിച്ചു

വീയപുരത്ത് പമ്പാനദിയില്‍ കുളിക്കാനിറങ്ങിയ 3 പേര്‍ മുങ്ങിമരിച്ചു. കൊല്ലം പന്മന സ്വദേശികളായ, മുല്ലക്കേരി തറയില്‍ പുത്തന്‍വീട്ടില്‍ അലിയാരു കുഞ്ഞ്‌സജീലാ ബീവി ദമ്പതികളുടെ മകന്‍ അനീഷ് (അപ്പു26), മാവേലി പരിയാരത്ത് പുത്തന്‍വീട്ടില്‍ കമറുദ്ദീന്‍സബീന ദമ്പതികളുടെ മകന്‍ സജാദ് (25), മാവേലി കീപ്പള്ളി വടക്കതില്‍ രാജേന്ദ്രന്‍പിള്ളലീനാകുമാരി ദമ്പതികളുടെ മകന്‍ ശ്രീജിത്ത് (ലാലു25) എന്നിവരാണ് മരിച്ചത്. വീയപുരത്ത് സുഹൃത്തിന്റെ വീട്ടില്‍ എത്തിയ 5 അംഗസംഘത്തിലെ 3 പേരാണു മരിച്ചത്.

ഇവരോടൊപ്പമുണ്ടായിരുന്ന പന്മന പാണ്ടിയത്ത് തെക്കേതില്‍ ഹാരിസ്, ഇടയ്ക്കാട്ട് സുജിത് എന്നിവര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ എത്തി പൊലീസിനെയും അഗ്‌നി രക്ഷാ സേനയെയും ഹരിപ്പാട് എമര്‍ജന്‍സി റെസ്‌ക്യൂ ടീമിനെയും അറിയിച്ചു. ഇവര്‍ എത്തി പ്രദേശവാസികളുടെ സഹായത്തോടെ നടത്തിയ തിരച്ചിലില്‍ 3 പേരുടെയും മൃതദേഹങ്ങള്‍ വൈകിട്ട് നാലരയോടെ കണ്ടെടുക്കുകയായിരുന്നു. മൃതദേഹങ്ങള്‍ ഹരിപ്പാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.മരിച്ച അനീഷിന്റെ സഹോദരന്‍: നിയാസ് (പന്മന സര്‍വീസ് സഹകരണബാങ്ക്). സജാദിന്റെ ഭാര്യ സൂഫിയ. മകന്‍: അഹമ്മദ് ഫൈസാന്‍ (മൂന്ന് മാസം). ശ്രീജിത്തിന്റെ സഹോദരി ശ്രീലക്ഷ്മി. അടുത്തിടെയാണ് ശ്രീജിത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. പ്രവാസിയായ ശ്രീജിത്ത് അടുത്തമാസം 11നു വിദേശത്തേക്ക് തിരികെ പോകാനിരിക്കുകയായിരുന്നു.