Saturday, May 4, 2024
EntertainmentkeralaNews

പദ്മനാഭസ്വാമി ക്ഷേത്രം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍

പദ്മനാഭസ്വാമി ക്ഷേത്രം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ക്ഷേത്ര ഭരണസമിതി സുപ്രീംകോടതിയെ അറിയിച്ചു. ക്ഷേത്രത്തിന്റെ ദൈനംദിന ചെലവുകള്‍ക്ക് പണം നല്‍കേണ്ട ട്രസ്റ്റിന്റെ കഴിഞ്ഞ 25 വര്‍ഷത്തെ വരവുചെലവ് കണക്കുകള്‍ ഓഡിറ്റ് ചെയ്യണമെന്നും ഭരണസമിതി കോടതിയോട് ആവശ്യപ്പെട്ടു. ഓഡിറ്റില്‍നിന്ന് ഒഴിവാക്കണമെന്ന ട്രസ്റ്റിന്റെ ആവശ്യം വിധിപറയാനായി കോടതി മാറ്റി. കോവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കാരണം പദ്മനാഭ സ്വാമി ക്ഷേത്രം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ക്ഷേത്ര ഭരണസമിതി സുപ്രീം കോടതിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ക്ഷേത്രത്തിന്റെ പ്രതിമാസ ചെലവ് ഒരു കോടി ഇരുപത് ലക്ഷം രൂപയാണ്.എന്നാല്‍ വരവ് അറുപത് ലക്ഷത്തിനും എഴുപത് ലക്ഷത്തിനും ഇടയില്‍ ആണെന്ന് ഭരണസമിതി വ്യക്തമാക്കി. ക്ഷേത്രത്തിന്റെ ചെലവുകള്‍ക്ക് പണം കണ്ടെത്താനായി രൂപീകരിച്ച പദ്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റിന്റെ കണക്കുകള്‍ ഓഡിറ്റ് ചെയ്യുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യത്തെയും ഭരണസമിതി എതിര്‍ത്തു. വിനോദ് റായ് സമിതി നടത്തിയ ഓഡിറ്റിങ്ങില്‍ ട്രസ്റ്റിന്റെ കൈയില്‍ പണമായി 2.87 കോടി രൂപയും, 1.95 കോടിയുടെ ആസ്തിയും ഉള്ളതായി കണ്ടെത്തിയിരുന്നു. 2008 മുതല്‍ 14 വരെയുള്ള കണക്കുകളാണ് വിനോദ് റായ് സമിതി ഓഡിറ്റ് ചെയ്തിരുന്നത് എന്നും ഭരണസമിതിക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. ഇരുപത്തി അഞ്ച് വര്‍ഷത്തെയും കണക്കുകള്‍ ഓഡിറ്റ് ചെയ്താല്‍ മാത്രമേ ട്രസ്റ്റിന്റെ പണവും ആസ്തിയും അറിയാന്‍ കഴിയുകയുള്ളു എന്നും ഭരണസമിതിയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. 1965 ല്‍ ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മയാണ് ശ്രീ പദ്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റ് രൂപീകരിച്ചത്. തിരുവിതാംകൂര്‍ രാജകുടുംബം ക്ഷേത്രത്തില്‍ നടത്തുന്ന മതപരമായ ആചാരങ്ങള്‍ക്കുവേണ്ടിയാണ് ട്രസ്റ്റ് രൂപീകരിച്ചത്. ക്ഷേത്രത്തിന്റെ ദൈനംദിന ഭരണകാര്യങ്ങളില്‍ തങ്ങള്‍ ഇടപെടാറില്ല. കോടതിക്ക് ആവശ്യമെങ്കില്‍ ട്രസ്റ്റിന്റെ കണക്കുകള്‍ ഓഡിറ്റ് ചെയ്യാന്‍ നിര്‍ദേശിക്കാം എന്ന് ട്രസ്റ്റ് വ്യക്തമാക്കി. എന്നാല്‍ തങ്ങളെ ഭരണസമിതിയുടെ നിയന്ത്രണത്തിലാക്കരുതെന്ന് ട്രസ്റ്റ് കോടതിയോട് ആവശ്യപ്പെട്ടു. വിനോദ് റായ് സമിതിയുടെയും അമിക്കസ് ക്യുറി ഗോപാല്‍ സുബ്രമണ്യത്തിന്റെയും റിപ്പോര്‍ട്ടുകളോട് ചില എതിര്‍പ്പുകള്‍ ഉയര്‍ന്നതിനാലാണ് ഓഡിറ്റിന് നിര്‍ദേശം നല്‍കിയതെന്ന് ജസ്റ്റിസ് ലളിത് ചൂണ്ടിക്കാട്ടി. ക്ഷേത്രത്തിന്റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും ബെഞ്ച് വ്യക്തമാക്കി. കോടതിയുടെ ഉത്തരവ് കൃത്യമായി പാലിക്കപെടുന്നു എന്ന് ഉറപ്പാക്കാനാണ് ഭരണസമിതിയോട് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നേരത്തെ നിര്‍ദേശിച്ചിരുന്നതെന്നും കോടതി പറഞ്ഞു. പദ്മനാഭ സ്വാമി ക്ഷേത്രം ഭരണസമിതിക്കുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ ആര്‍ ബസന്തും ട്രസ്റ്റിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ അരവിന്ദ് ദത്താറും അഭിഭാഷകന്‍ ശ്യാം മോഹനും സംസ്ഥാന സര്‍ക്കാരിന് വേണ്ടി സ്റ്റാന്റിംഗ് കോണ്‍സല്‍ ജി പ്രകാശുമാണ് കോടതിയില്‍ ഹാജരായത്. പദ്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപത്തുള്ള ശ്രീ വൈകുണ്ഡം, അനന്തശയനം, ഭജനപുര, മഹാലക്ഷ്മി, സുദര്‍ശന്‍ എന്നീ മണ്ഡപങ്ങളും ചിത്രാലയം ആര്‍ട്ട് ഗാലറി, കുതിര മാളിക എന്നിവയും പദ്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റിന്റെ നിയന്ത്രണത്തിലാണ്.