Wednesday, May 15, 2024
indiaNews

പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ദില്ലി: പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പത്മ പുരസ്‌കാരങ്ങളുടെ ആദ്യ പട്ടികയാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പത്മശ്രീ  പുരസ്‌കാരങ്ങളുടെ ആദ്യ പട്ടികയില്‍ കേരളത്തില്‍നിന്നും മൂന്നു പേരാണ് ഉള്‍പ്പെട്ടിരിക്കുന്നത്. കഥകളി ആചാര്യന്‍ സദനം ബാലകൃഷ്ണന്‍, തെയ്യം കലാകാരന്‍ ഇപി നാരായണന്‍, കാസര്‍കോട്ട് നെല്‍കര്‍ഷകന്‍ സത്യനാരായണ ബലേരി എന്നിവരാണ് കേരളത്തില്‍നിന്നും ഇത്തവണ പത്മശ്രീ പുരസ്‌കാരം നേടിയത്. സാധാരണക്കാരായ പ്രതിഭകളുടെ പട്ടികയാണ് പുറത്തുവിട്ടത്. മറ്റു വിവിധ മേഖലകളില്‍നിന്ന് പത്മ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായവരുടെ പട്ടികയും ഉടനെ പുറത്തുവിടും. അറുപത്തി ഏഴ് വര്‍ഷം കഥകളിയോടൊപ്പമായിരുന്നു. പുരസ്‌കാരം ഗുരുനാഥന്‍മാര്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും കഥകളിക്ക് കിട്ടിയ അംഗീകരമായി കണക്കാക്കുന്നുവെന്നും സദനം ബാലകൃഷ്ണന്‍ പറഞ്ഞു.
ഇന്ത്യയിലെ ആദ്യ വനിത ആന പാപ്പാനായ അസം സ്വദേശിനി പാര്‍ബതി ബര്‍വ, ആദിവാസി സാമൂഹ്യ പ്രവര്‍ത്തകനായ ഛത്തീസ്ദഡില്‍ നിന്നുള്ള ജഗേശ്വര്‍ യാദവ്, ഗോത്ര വിഭാഗത്തില്‍നിന്നുള്ള പരിസ്ഥിതി പ്രവര്‍ത്തക ഝാര്‍ഗഢില്‍ നിന്നുള്ള ചാമി മുര്‍മു, ഭിന്നശേഷിക്കാരനായ സാമൂഹിക പ്രവര്‍ത്തകനായ ഹരിയാനയില്‍നിന്നുള്ള ഗുര്‍വിന്ദര്‍ സിങ്, ഗോത്ര പരിസ്ഥിതി പ്രവര്‍ത്തകനായ പഞ്ചിമ ബംഗാളില്‍നി്‌നനുള്ള ധുഖു മാജി, മിസോറാമില്‍നിന്നുള്ള സാമൂഹിക പ്രവര്‍ത്തകന്‍ സംഘതന്‍കിമ, പരമ്പരാഗത ആയുര്‍വേദ ചികിത്സകനായ ഛത്തീസ്ഗഢില്‍നിന്നുള്ള ഹേമചന്ദ് മാഞ്ചി, അരുണാചല്‍ പ്രദേശില്‍നിന്നുള്ള ആയുര്‍വേദ ചികിത്സകനായ യാനുങ് ജാമോ ലേഗോ, കര്‍ണാടകയില്‍നിന്നുള്ള ഗോത്ര സാമൂഹിക പ്രവര്‍ത്തകന്‍ സോമണ്ണ തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ 34 പേര്‍ക്കാണ് പത്മശ്രീ പുരസ്‌കാരം ലഭിച്ചത്.