Thursday, May 2, 2024
EntertainmentkeralaNews

പത്താംക്ലാസ് തോറ്റ കുട്ടികള്‍ക്ക് കൊടൈക്കനാലിലെ ഹോംസ്റ്റേയില്‍ സൗജന്യമായി താമസിക്കാം

എസ്.എസ്.എല്‍.സി തോറ്റവര്‍ക്ക് കുടുംബത്തോടൊപ്പം കൊടൈക്കനാലിലെ റിസോര്‍ട്ടില്‍ സൗജന്യ താമസമൊരുക്കി തോറ്റ കുട്ടികളെ ചേര്‍ത്തുനിര്‍ത്തുകയാണ് ഹോട്ടല്‍ ബിസിനസുകാരന്‍. ഫേസ്ബുക്കിലൂടെയാണ് സുധി ഇക്കാര്യം പ്രസിദ്ധപ്പെടുത്തിയത്. ‘തോറ്റവര്‍ സൃഷ്ടിച്ച ലോകമാണ് ജയിച്ചവരുടെ കഥ പറഞ്ഞുകൈയടിക്കുന്നത്’ എന്നുപറഞ്ഞാണ് വടകരക്കാരനായ സുധി തോറ്റവര്‍ക്കൊപ്പം നില്‍ക്കുന്നത്. തന്റെ ഫോണ്‍ നമ്പറും ഇദ്ദേഹം പോസ്റ്റിനൊപ്പം നല്‍കിയിട്ടുണ്ട്.

15 വര്‍ഷമായി ഇദ്ദേഹം കുടുംബത്തോടൊപ്പം കൊടൈക്കനാലിലാണ് താമസിക്കുന്നത്. ഹോംസ്റ്റേ, കോട്ടേജ് ബിസിനസ് നടത്തിവരികയാണ് ഇദ്ദേഹം. ജയിച്ചവരെ മാത്രമല്ല, തോറ്റവരെ കൂടി നമ്മള്‍ ചേര്‍ത്തുപിടിക്കേണ്ടതുണ്ട് എന്ന തോന്നലില്‍ നിന്നാണ് തന്റെ ഹോംസ്റ്റേയിലേക്ക് കുട്ടികളെ കുടുംബത്തോടൊപ്പം ക്ഷണിച്ചതെന്ന് സുധി വ്യക്തമാക്കുന്നു. വരുമ്പോള്‍ റിസല്‍റ്റിന്റെ പ്രൂഫ് കൊണ്ടുവരണമെന്നും ഈ മാസം അവസാനം വരെ മാത്രമാണ് ഈ ഓഫര്‍ നിലനില്‍ക്കുകയുള്ളൂവെന്നും പോസ്റ്റില്‍ പറയുന്നു. ചെറിയ കുട്ടികളായതിനാല്‍ തനിയെ വരുന്നത് പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ലെന്നും സുധി പറയുന്നു.