Monday, May 13, 2024
keralaNews

ശബരിമല മാളികപ്പുറത്ത് ഉണ്ടായത് പൊട്ടിത്തെറിയല്ല; കളക്ടര്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

പത്തനംതിട്ട: ശബരിമലയില്‍ മാളികപ്പുറത്തിനടുത്ത് വെടിമരുന്ന് നിറയ്ക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അപകടം പൊട്ടിത്തെറിയല്ലെന്നും തീപിടുത്തമാണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. അപകടത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ രണ്ടുദിവസത്തിനകം വിശദമായ പരിശോധന നടത്തും. ഭാവിയില്‍ അപകടം ആവര്‍ത്തിക്കാതിരിക്കാന്‍ കരുതല്‍ നടപടികള്‍ ശക്തമാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാരിന് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ട് ഹൈക്കോടതിയിലും സമര്‍പ്പിക്കും. കഴിഞ്ഞ ദിവസമാണ് വെടിമരുന്ന് നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറിയുണ്ടായത്. അപകടത്തില്‍ എആര്‍ ജയകുമാര്‍, അമല്‍, രജീഷ് എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. തുടര്‍ന്ന് മൂവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 70 ശതമാനത്തോളം പൊള്ളലേറ്റ ജയകുമാറിന്റെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. അപകടത്തിന് പിന്നാലെ തിരുവനന്തപുരത്തെ ലാബിലാണ് വിശദമായ പരിശോധനകള്‍ നടത്തിയത്.