Sunday, May 19, 2024
keralaLocal NewsNews

പത്തനംതിട്ട തിരുവല്ലയില്‍ വയോധികനെ പരിചരിക്കാനെത്തിയ മെയില്‍ നഴ്‌സ് എടിഎം മോഷ്ടിച്ച് ഒന്നരലക്ഷം രൂപ കവര്‍ന്നു.

പത്തനംതിട്ടയിലെ തിരുവല്ലയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികനെ പരിചരിക്കാനെത്തിയ മെയില്‍ നഴ്‌സ് എടിഎം മോഷ്ടിച്ച് ഒന്നരലക്ഷം രൂപ കവര്‍ന്നു. വയോധികന്‍ പൊലീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പത്തനാപുരം കണ്ടയം വീട്ടില്‍ രാജീവിനെ (38) തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല ചിലങ്ക തിയേറ്ററിന് സമീപമുള്ള ബി.ടെക് ഫ്‌ളാറ്റിലെ താമസക്കാരനായ പി.എ. എബ്രഹാമിന്റെ പണമാണ് പല തവണയായി എടിഎം വഴി രാജീവ് കവര്‍ന്നത്.മകന്‍ വിദേശത്തായതിനാല്‍ തനിച്ച് ഫ്ളാറ്റില്‍ കഴിയുന്ന എബ്രഹാമിനെ പരിചരിക്കാനായി പുനലൂരിലെ ഒരു ഏജന്‍സി വഴിയാണ് രാജീവിനെ കൊണ്ടുവന്നത്.

ജനുവരി മുതലാണ് ഇയാള്‍ ഫളാറ്റില്‍ എത്തിയത്. ഇതിനിടെ ഫ്ളാറ്റിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന എബ്രഹാമിന്റെ എടിഎം കാര്‍ഡ് രാജീവ് കൈക്കലാക്കി. എടിഎമ്മിന്റെ പിന്‍ നമ്പര്‍ അതിന്റെ കവറില്‍ തന്നെ രേഖപ്പെടുത്തിയിരുന്നത് മോഷ്ടാവിന് കാര്യങ്ങള്‍ എളുപ്പമാക്കി. ഇതുപയോഗിച്ചാണ് പലതവണയായി ഒന്നരലക്ഷത്തോളം രൂപ വിവിധ എടിഎമ്മുകളില്‍ നിന്നും ഇയാള്‍ പിന്‍വലിച്ചത്.പണം അയച്ചത് അറിയിക്കാന്‍ വിദേശത്തുള്ള മകന്‍ കഴിഞ്ഞ ദിവസം എബ്രഹാമിനെ വിളിച്ചിരുന്നു. പന്തികേട് തോന്നിയ മകന്‍ ബാങ്ക് അധികൃതരുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് ബാങ്ക് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് എബ്രഹാം അറിയാതെ പലതവണയായി ബാങ്കില്‍ നിന്നും ഒന്നര ലക്ഷം രൂപ നഷ്ടമായ വിവരം അറിയുന്നത്. തുടര്‍ന്ന് എബ്രഹാം തിരുവല്ല പൊലീസില്‍ പരാതി നല്‍കി. പൊലീസ് രാജീവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് പ്രതി കുറ്റം സമ്മതിച്ചത്. തിരുവല്ല കോടതിയില്‍ ഹാജരാക്കിയ രാജീവിനെ റിമാന്‍ഡ് ചെയ്തു.