Friday, May 17, 2024
keralaNews

പത്തനംതിട്ടയില്‍ സാമ്പത്തിക തട്ടിപ്പുമായി മറ്റൊരു ധനകാര്യ സ്ഥാപനം കൂടി.

പോപ്പുലര്‍ ഫിനാന്‍സ് പിന്നാലെ പത്തനംതിട്ടയില്‍ മറ്റൊരു ധനകാര്യ സ്ഥാപനം നിക്ഷേപങ്ങള്‍ മടക്കി നല്‍കുന്നില്ല എന്ന പരാതിയുമായി നിക്ഷേപകര്‍. ഓമല്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തറയില്‍ ഫിനാന്‍സാണ് സാമ്പത്തിക പ്രതിസന്ധിയില്‍. കാലാവധി കഴിഞ്ഞ പണം തിരികെ നല്‍കുന്നില്ലെന്ന പരാതിയുമായി നിക്ഷേപകര്‍ പോലീസിനെ സമീപിച്ചു. ബാങ്ക് ഉടമ സജി സാമും കുടുംബവും ഒളിവിലാണ്.കോന്നി ആസ്ഥാനമായ പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിന് പിന്നാലെയാണ് പത്തനംതിട്ടയില്‍ വീണ്ടും സമാനമായ ആരോപണവുമായി നിക്ഷേപകര്‍ രംഗത്ത് വന്നത്. തറയില്‍ ഫിനാന്‍സിയേഴ്‌സ് എന്ന പണമിടപാട് സ്ഥാപനത്തില്‍ നൂറ് കണക്കിന് ആളുകള്‍ 70 കോടിയോളം രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക കണക്ക്. ഫെബ്രുവരി വരെ നിക്ഷേപകര്‍ക്ക് കൃത്യമായി പലിശ കിട്ടുന്നുണ്ടായിരുന്നു. പലിശ മുടങ്ങിയതോടെ നിക്ഷേപകര്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു.ഈ പരാതിയെ തുടര്‍ന്ന് പോലീസ് നിക്ഷേപകനെയും ബാങ്ക് ഉടമ സജി സാമിനേയും നേരിട്ട് വിളിച്ച് നടത്തിയ ചര്‍ച്ചയില്‍ ഏപ്രില്‍ മാസം 30 ന് പണം തിരികെ നല്‍കാമെന്ന വ്യവസ്ഥയില്‍ കേസെടുത്തില്ല. പക്ഷെ പറഞ്ഞ അവധിയില്‍ ബാങ്ക് ഉടമയ്ക്ക് പണം നല്‍കാന്‍ കഴിഞ്ഞില്ല. മാത്രമല്ല ബാങ്കിന്റെ ശാഖകള്‍ പൂട്ടി. ഇതോടെ കൂടുതല്‍ നിക്ഷേപകര്‍ പരാതിയുമായെത്തി.നിക്ഷേപകര്‍ പലരും ഉടമസ്ഥനായ സജി സാമിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. ഓമല്ലൂരിലുള്ള ഇയാളുടെ വീട് പുറത്ത് നിന്ന് പൂട്ടിയ നിലയിലാണ്. അടൂര്‍ പത്തനംതിട്ട സ്റ്റേഷനുകളിലാണ് പരാതി കിട്ടിയിരിക്കുന്നത്. നിലവില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.