Tuesday, May 7, 2024
keralaNewsUncategorized

പണം തീര്‍ന്നു; ബലാത്സംഗക്കേസില്‍ പ്രതിയായ വിജയ് ബാബുവിന് ക്രെഡിറ്റ് കാര്‍ഡുകള്‍ എത്തിച്ച് നല്‍കി നടി

കൊച്ചി: ബലാത്സംഗക്കേസില്‍ ദുബായില്‍ കഴിയുന്ന പ്രതിയായ വിജയ് ബാബുവിനെ സഹായിക്കാന്‍ സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നടിയുടെ ഇടപെടല്‍ ഉണ്ടായതായി പോലീസ്.

പണം തീര്‍ന്നതിനാല്‍ ദുബായിലേക്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ എത്തിച്ച് നല്‍കി സഹായിച്ചതും ഈ നടിയാണെന്ന് പോലീസ് കണ്ടെത്തി. കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതുവരെ വിദേശത്ത് കഴിയാനുള്ള പണം തീര്‍ന്നതിനെ തുടര്‍ന്നായിരുന്നു നീക്കം.

വിജയ് ബാബുവിന്റെ അടുത്ത സുഹൃത്തും നടിയുമായ ഈ നടി രണ്ട് ക്രെഡിറ്റ് കാര്‍ഡുകളാണ് പീഡനക്കേസില്‍ പ്രതിയായ വിജയ് ബാബുവിന് എത്തിച്ച് നല്‍കിയത്. കൊടുങ്ങല്ലൂരിലെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്ന് നെടുമ്പാശേരി വഴിയാണ് സുഹൃത്തായ നടി ദുബായിലെത്തിയത്. തുടര്‍ന്ന് ക്രെഡിറ്റ് കാര്‍ഡുകള്‍ വിജയ് ബാബുവിന് കൈമാറുകയായിരുന്നു.

അന്വേഷണ സംഘത്തിന് ലഭിച്ച വിവരമനുസരിച്ച് ഈ നടി പരാതിക്കാരിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതായും സൂചനയുണ്ട്. പരാതിക്കാരിയായ നടിയെ സ്വാധീനിച്ച് പരാതി പിന്‍വലിക്കാന്‍ പ്രേരിപ്പിച്ചുവെന്നും പോലീസ് പറയുന്നു. ഇതിനിടെ വിജയ് ബാബുവിന്റെ കേസ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും.

ഈ മാസം 30ന് തന്നെ ഹാജരാകണമെന്നാണ് നടന് കോടതി നല്‍കിയിരിക്കുന്ന താക്കീത്. അല്ലാത്ത പക്ഷം മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുമെന്നും കോടതി പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ വിജയ് ബാബുവിന് ഇന്ന് നിര്‍ണായക ദിനമാണ്.

വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് പരാതിക്കാരിയും കോടതിയില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. വിജയ് ബാബുവിനെതിരായ വാട്സ് ആപ്പ് സന്ദേശങ്ങളും ചിത്രങ്ങളും നടി തെളിവുകളായി കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ഇവയെല്ലാം വിശദമായി പരിശോധിച്ച ശേഷം ആകും കോടതിയുടെ അന്തിമ ഉത്തരവ്.