Sunday, May 12, 2024
keralaNewsUncategorized

വിജയ് ബാബുവിന് കേസ്; ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും

എറണാകുളം: നടിയെ പീഡിപ്പിച്ചെന്ന കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബു നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

ഇന്നലെ ജാമ്യഹര്‍ജി പരിഗണിച്ച കോടതി നടന് താക്കീത് നല്‍കിയിരുന്നു. നിയമത്തെ മറികടന്ന വിജയ് ബാബുവിന്റെ അറസ്റ്റ് അനിവാര്യമാണെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുള്ളത്.

ഈ മാസം 30ന് തന്നെ ഹാജരാകണമെന്നാണ് നടന് കോടതി നല്‍കിയിരിക്കുന്ന താക്കീത്. അല്ലാത്ത പക്ഷം മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുമെന്നും കോടതി പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ വിജയ് ബാബുവിന് ഇന്ന് നിര്‍ണായക ദിനമാണ്.

വിദേശത്ത് ഒളിവില്‍ കഴിയുന്ന വിജയ് ബാബു 30 ന് നാട്ടിലെത്തുമെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിട്ടുള്ളത്. ഇത് പ്രകാരമാണ് ഇന്നലെ അപേക്ഷ പരിഗണിക്കാന്‍ കോടതി തയ്യാറായത്.

എന്നാല്‍ താക്കീത് നല്‍കിയ ശേഷം ഇന്നേക്ക് പരിഗണിക്കാനായി കോടതി മാറ്റിയത്. ഇന്ന് ഇടക്കാല ഉത്തരവാണ് പ്രതീക്ഷിക്കുന്നത്. വിദേശത്തുള്ള വിജയ് ബാബു നാട്ടിലെത്തിയിട്ട് പോരെ തുടര്‍ നടപടികള്‍ പോരെയെന്ന് കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിക്കവെ കോടതി സര്‍ക്കാരിനോട് ആരാഞ്ഞിരുന്നു.

അതേസമയം വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് പരാതിക്കാരിയും കോടതിയില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. വിജയ് ബാബുവിനെതിരായ വാട്സ് ആപ്പ് സന്ദേശങ്ങളും ചിത്രങ്ങളും നടി തെളിവുകളായി കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

ഇവയെല്ലാം വിശദമായി പരിശോധിച്ച ശേഷം ആകും കോടതിയുടെ അന്തിമ ഉത്തരവ്.