Friday, May 17, 2024
indiaNewsworld

നേപ്പാളില്‍ വിമാനം തകര്‍ന്നുവീണത് പര്‍വ്വത മുകളില്‍; ചിത്രങ്ങള്‍ പുറത്ത്

കഠ്മണ്ഡു :ഇന്ത്യക്കാരായ നാലംഗ കുടുംബം ഉള്‍പ്പെടെ 22 പേരുമായി തകര്‍ന്നുവീണ വിമാനത്തിലെ ചില യാത്രക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഇവയില്‍ മിക്കതും തിരിച്ചറിയാനാകാത്ത അവസ്ഥയിലാണ്. തിരച്ചില്‍ തുടരുകയാണ്. ഞായറാഴ്ച രാവിലെ കാണാതായ വിമാനം നേപ്പാളിലെ പര്‍വതമേഖലയില്‍ തകര്‍ന്നു വീണതായി രാത്രിയോടെ സ്ഥിരീകരിച്ചെങ്കിലും കനത്ത മഞ്ഞുവീഴ്ച മൂലം രക്ഷാപ്രവര്‍ത്തനം തടസ്സപ്പെട്ടിരുന്നു. ഇന്നു രാവിലെ തിരച്ചില്‍ പുനരാരംഭിച്ചപ്പോഴാണ് അവശിഷ്ടങ്ങള്‍ കണ്ടെത്താനായത്.

ഞായറാഴ്ച രാവിലെ 9.55ന് നേപ്പാളിലെ ടൂറിസ്റ്റ് നഗരമായ പൊഖാറയില്‍നിന്ന് ജോംസോമിലേക്ക് പറന്ന താര എയറിന്റെ ഇരട്ട എന്‍ജിനുള്ള 9എന്‍-എഇടി വിമാനത്തിന് 15 മിനിറ്റിനു ശേഷം കണ്‍ട്രോള്‍ റൂമുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. പൊഖാറ-ജോംസോം വ്യോമപാതയില്‍ ഘോറെപാനിക്കു മുകളില്‍വച്ചാണു വിമാനവുമായുള്ള ബന്ധം നഷ്ടമായതെന്ന് നേപ്പാള്‍ വ്യോമയാന വൃത്തങ്ങള്‍ പറഞ്ഞു. ജോംസോമിലെ ഘാസയില്‍ വലിയ ശബ്ദം കേട്ടതായി നാട്ടുകാര്‍ പറയുന്നു. തിരച്ചിലിനു പോയ ഹെലികോപ്റ്റര്‍ മോശം കാലാവസ്ഥ മൂലം മടങ്ങിയിരുന്നു. സ്ഥലം വ്യക്തമായതോടെ പിന്നീട് നേപ്പാള്‍ കരസേനയുടെ 10 അംഗ സംഘം ഹെലികോപ്റ്ററില്‍ നര്‍ഷാങ് ആശ്രമത്തിനു സമീപം നദിക്കരയില്‍ തിരച്ചിലിനായി ഇറങ്ങി.