Thursday, May 2, 2024
indiaNews

നീറ്റ് പരീക്ഷാഫലം ;ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി.

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാഫല പ്രഖ്യാപനത്തില്‍ ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി. ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിന്റെ ഫലം പ്രസിദ്ധീകരിക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കി. ജസ്റ്റിസുമാരായ എല്‍. നാഗേശ്വര റാവു, സഞ്ജീവ് ഖന്ന, ബി.ആര്‍ ഗവായ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി.എംബിബിഎസ് പ്രവേശനത്തിനായി നടത്തുന്ന അഖിലേന്ത്യ എന്‍ട്രന്‍സ് പരിക്ഷയുടെ ഫലം പ്രസിദ്ധീകരിക്കണമെന്നാണ് ദേശീയ ടെസ്റ്റിങ് ഏജന്‍സിക്ക് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. മഹാരാഷ്ട്രയിലെ പരീക്ഷാ കേന്ദ്രത്തില്‍ നടന്ന ആശയക്കുഴപ്പത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചതിന്റെ ഭാഗമായിട്ടായിരുന്നു ഫല പ്രസിദ്ധീകരണം ബോംബെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നത്. എന്നാല്‍ ഈ ഉത്തരവ് സ്റ്റേ ചെയ്ത സുപ്രീംകോടതി ദേശീയ ടെസ്റ്റിങ് ഏജന്‍സിക്ക് ഫലം പ്രഖ്യാപിക്കാവുന്നതാണെന്ന് വ്യക്തമാക്കി.മഹാരാഷ്ട്രയിലെ പരീക്ഷാ കേന്ദ്രത്തില്‍ ഒഎംആര്‍ ഷീറ്റും ചോദ്യപേപ്പറും കൂടിക്കലര്‍ന്നത് ആശയക്കുഴപ്പം സൃഷ്ടിച്ചുവെന്ന് ചൂണ്ടിക്കാട്ടി രണ്ട് വിദ്യാര്‍ത്ഥികളായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്. ഇവര്‍ക്ക് രണ്ടാമതും പരീക്ഷ നടത്താനും അതുവരെ പരീക്ഷാഫലം പ്രസിദ്ധീകരിക്കരുതെന്നുമായിരുന്നു ഹൈക്കോടതി വിധി. രണ്ട് വിദ്യാര്‍ത്ഥികളുടെ പരീക്ഷയ്ക്ക് ശേഷം ആദ്യ പരീക്ഷയുടെ ഫലത്തിനൊപ്പം ഇവരുടെ പരീക്ഷാഫലവും പ്രഖ്യാപിക്കാനും കോടതി ആവശ്യപ്പെട്ടു. എന്നാല്‍ വിധിക്കെതിരെ ദേശീയ ടെസ്റ്റിങ് ഏജന്‍സി സുപ്രീംകോടതിയെ സമീപിച്ചതോടെ ഫലം പ്രഖ്യാപിക്കാന്‍ അനുമതി ലഭിക്കുകയാണ് ഉണ്ടായത്.രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് സംഭവിച്ച കാര്യത്തില്‍ ദീപാവലി അവധിക്ക് ശേഷം തീരുമാനമെടുക്കുമെന്നും അതുവരെ 16 ലക്ഷം കുട്ടികളുടെ ഫലം തടഞ്ഞുവെയ്ക്കാന്‍ കഴിയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. സെപ്റ്റംബര്‍ 12നായിരുന്നു നീറ്റ് പരീക്ഷ നടന്നത്.