Friday, May 17, 2024
keralaNews

നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കും: മുഖ്യമന്ത്രി

സംസ്ഥാനത്ത് വലിയ തോതിലുള്ള രോഗവ്യാപനത്തിന്റെ ഘട്ടമായതിനാല്‍ നിയന്ത്രണം ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആളുകള്‍ പുറത്തിറങ്ങുന്നതും കൂട്ടം കൂടുന്നതും ഒഴിവാക്കണം. ഓക്‌സിജന്‍ ആവശ്യത്തിന് ലഭ്യമാക്കും. ഓക്‌സിജന്‍ നീക്കം സുഗമമാക്കാന്‍ എല്ലാ തരത്തിലും ഇടപെടും. കാസര്‍കോട് ജില്ലയില്‍ കര്‍ണാടകയില്‍ നിന്നാണ് ഓക്‌സിജന്‍ ലഭ്യമാകുന്നത്. എന്നാല്‍ അവിടെ പ്രതിസന്ധി നേരിടുന്നതിനാല്‍ കര്‍ണാടക ചീഫ് സെക്രട്ടറിയുമായി സംസ്ഥാന ചീഫ് സെക്രട്ടറി സംസാരിക്കും. കാരണം ഓക്‌സിജന്‍ പോലുള്ളതിന്റെ കാര്യത്തില്‍ സാധാരണ ലഭ്യമാക്കുന്നത് തടസ്സപ്പെടുത്തുന്നത് ശരിയല്ല.കാസര്‍കോട് അടക്കം ഓക്‌സിജന്‍ ലഭ്യമാക്കാനുള്ള നടപടികള്‍ ഇവിടെ സ്വീകരിക്കും. ടെസ്റ്റ് പോസിറ്റിവിറ്റ് റേറ്റ് ചില ജില്ലകളിലും ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും കൂടിയിട്ടുണ്ട്. അത് കുറച്ച് കൊണ്ടുവരാന്‍ സാധ്യമായതെല്ലാം ചെയ്യും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സന്നധപ്രവര്‍ത്തകരെ ഉപയോഗിക്കും.