Sunday, June 16, 2024
keralaNewsObituary

നവവധു ജീവനൊടുക്കിയ സംഭവം; ഭര്‍ത്താവും ഭര്‍തൃമാതാവും റിമാന്‍ഡില്‍

കണ്ണൂര്‍: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് നവവധു മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. വിഷം ഉള്ളില്‍ച്ചെന്ന് ചികിത്സയിലിരിക്കെയാണ് ചാണോക്കുണ്ട് സ്വദേശി ഡെല്‍ന(23) മരിച്ചത്. പരിയാരം സ്വദേശി സനൂപ് ആന്റണി (24), മാതാവ് സോളി ആന്റണി (47) എന്നിവരെയാണ് യുവതിയുടെ വീട്ടുകാരുടെ പരാതിയിന്മേല്‍ ആലക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്.

ഭര്‍തൃവീട്ടില്‍ നിന്ന് സ്വന്തം വീട്ടിലെത്തിയതിന് ശേഷമാണ് ഡെല്‍ന വിഷം കഴിച്ചത്. ശനിയാഴ്ചയാണ് യുവതി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്. ഗാര്‍ഹികപീഡനം, സ്ത്രീധനപീഡനം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെ കേസെടുത്തിരിക്കുന്നത്. നാലുമാസം മുമ്പ് നടന്ന വിവാഹത്തെ തുടര്‍ന്ന് 80 പവന്‍ സ്വര്‍ണം സ്ത്രീധനമായി ആവശ്യപ്പെട്ട് യുവതിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു.

സ്വന്തം വീട്ടില്‍ പോകാന്‍ നിര്‍ബന്ധിക്കുകയും ചെയ്തതോടെയാണ് ഡെല്‍ന ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നാണ് മാതാപിതാക്കളുടെ പരാതി. വിഷം കഴിച്ച ശേഷം ഡെല്‍ന കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ കുന്ദമംഗലം മജിസ്‌ട്രേറ്റ് ഡെല്‍നയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് സനൂപിനും സോളിക്കുമെതിരേ കേസെടുത്തെങ്കിലും ജാമ്യത്തില്‍ വിട്ടയച്ചു. ഡെല്‍ന മരിച്ചശേഷം കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുകയായിരുന്നു.