Thursday, May 16, 2024
Newspolitics

നവകേരള സദസ്സ് : എരുമേലിയുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പഞ്ചായത്തംഗത്തിന്റെ നിവേദനം

എരുമേലി: ശബരിമല തീര്‍ത്ഥാടനത്തിന്റെ പ്രധാന കേന്ദ്രമായ എരുമേലിയില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എരുമേലി ഗ്രാമ പഞ്ചായത്ത് സി പി എം അംഗം കെ ആര്‍ രാജേഷ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന നവകേരള സദസ്സില്‍ നിവേദനം നല്‍കി. പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ മുണ്ടക്കയത്ത് ഇന്ന് നടന്ന നവകേരള സദസിലാണ് ആറോളം ആവശ്യങ്ങള്‍ ഉന്നയിച്ച് പഞ്ചായത്തംഗം നിവേദനം നല്‍കിയത്.

ആവശ്യങ്ങള്‍:

1 – അരനൂറ്റാണ്ട് പഴക്കമുള്ള എരുമേലി കമ്യൂണി ഹെല്‍ത്ത് സെന്റര്‍ ആശുപത്രി വിപുലീകരിക്കുക. എക്‌സറേ യൂണിറ്റ് ആരംഭിക്കുക. ശബരിമല തീര്‍ത്ഥാടനം അടക്കം മറ്റു സമയങ്ങളിലും ആശുപത്രിയില്‍ സ്ഥിരം ചികില്‍സ സംവിധാനം ഒരുക്കുക,
ആശുപത്രിയുടെ പ്രവര്‍ത്തനം 24 മണിക്കൂര്‍ ആക്കുക. കുറഞ്ഞ പക്ഷം രാത്രി എട്ട് മണി വരെയെങ്കിലും
സേവനം ഉറപ്പാക്കുക.

2. എരുമേലിയിലെ ഏറ്റവും വലിയ ഗതാഗത പ്രതിസന്ധിക്ക് കാരണം എരുമേലിക്ക് ചുറ്റുമുള്ള സമാന്തര പാതകള്‍ വിപുലീകരിക്കാത്തതാണ് .
അതുകൊണ്ട് എരുമേലി ടൗണുമായി
ബന്ധിപ്പിക്കാത്ത തരത്തിലുള്ള റിംഗ് റോഡുകള്‍ വാഹന സഞ്ചാരയോഗ്യമാക്കും വിധത്തില്‍ നവീകരിക്കുക.

3 – നാഷണല്‍ ഹൈവേ കടന്നുപോകുന്ന എരുമേലിയിലെ ചില ഭാഗങ്ങളില്‍ കുടിവെള്ളം ലഭിക്കുന്നതിനായി റോഡ് മുറിച്ച് പൈപ്പ് സ്ഥാപിക്കാന്‍ ആകാതെ നിരവധി കുടുംബങ്ങള്‍ അനുഭവിക്കുന്നു.
ഇക്കാര്യത്തില്‍ റോഡ് മുറിച്ച് കുടുംബങ്ങള്‍ക്ക് പൈപ്പ് കണക്ഷന്‍ നല്‍കുന്നതിന് വേണ്ട നടപടി സ്വീകരിക്കണം.

4. നേര്‍ച്ചപ്പാറയില്‍ ഉള്ള ഹൗസിംഗ് ബോര്‍ഡ് വക ഏഴ് ഏക്കര്‍ കാട് കയറി കിടക്കുകയാണ് . ഗ്രാമപഞ്ചായത്തിന്റെ ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി വീടുകള്‍ നിര്‍മ്മിക്കുന്നതിന് സ്ഥലം വിട്ട് നല്‍കുക. അല്ലെങ്കില്‍ നെടുങ്കാവുവയലില്‍ പ്രവര്‍ത്തിക്കുന്ന ഐടിസി മാറ്റി സ്ഥാപിക്കാന്‍ ഈ സ്ഥലം നല്‍കുക.

5. എരുമേലി ഗ്രാമപഞ്ചായത്തില്‍ നിലവിലുള്ള കുടിവെള്ള വിതരണ പദ്ധതി ആവശ്യമായ വെള്ളം ശേഖരിക്കുന്നത് പഞ്ചായത്തിലെ പെരുന്തേനരുവിയില്‍ നിന്നുമാണ് . വേനല്‍ക്കാലം രൂക്ഷമായാല്‍ അരുവിയിലെ വെള്ളം കുറയാന്‍ സാധ്യതയുള്ളതിനാല്‍ മണിയാര്‍ ഡാമില്‍ നിന്നുള്ള വെള്ളം പദ്ധതിക്ക് ആയി ഉപയോഗിക്കാന്‍ നടപടി സ്വീകരിക്കണം.

6.എരുമേലി ഗ്രാമ പഞ്ചായത്തിലെ ശ്രീനിപുരം കോളനിയില്‍ താമസിക്കുന്ന നിരവധി കുടുംബങ്ങള്‍ക്ക് പ്ലാറ്റ് നിര്‍മ്മിച്ചു നല്‍കുക.
ബാക്കി വരുന്ന സ്ഥലത്ത് കളിസ്ഥലവും – സാംസ്‌കാരിക നിലയങ്ങളും നിര്‍മ്മിക്കാന്‍ നടപടി സ്വീകരിക്കുക.

എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഗ്രാമപഞ്ചായത്ത് അംഗം കെ ആര്‍ അജേഷ് നവകേരള സദസ്സില്‍ എത്തി നിവേദനം നല്‍കിയത്.