Tuesday, May 21, 2024
Local NewsNews

എരുമേലിയില്‍ വീണ്ടും തീര്‍ത്ഥാടകരുടെ റോഡ് ഉപരോധം

എരുമേലി: ശബരിമല ദര്‍ശത്തിനായി പമ്പയിലേക്ക് വാഹനങ്ങള്‍ കടത്തി വിടണം എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് എരുമേലിയില്‍ ഇന്ന് വൈകുന്നേരം വീണ്ടും തീര്‍ത്ഥാടകര്‍ റോഡ് ഉപരോധിച്ചു. ഇതേ ആവശ്യം ഉന്നയിച്ച ഇന്നലെ പകലും തീര്‍ത്ഥാടകര്‍ റോഡ് ഉപരോധിച്ചിരുന്നു.  ഇന്ന് വൈകുന്നേരം 6 മണിയോടെ ആരംഭിച്ച ഉപരോധം മൂന്നു മണിക്കൂറിന് ശേഷമാണ് അവസാനിപ്പിച്ചത്. ശരണം വിളിയുമായി നിരവധി തീര്‍ത്ഥാടകരാണ് റോഡില്‍ കുത്തിയിരുന്നത്. ഇതോടെ എരുമേലി – റാന്നി സംസ്ഥാനപാതയില്‍ മണിക്കൂറുകളോളം ഗതാഗത സ്തംഭിച്ചു. തീര്‍ത്ഥാടക വാഹനങ്ങള്‍ അടക്കം മറ്റ് സ്വകാര്യ വാഹനങ്ങള്‍ ഒന്നും കടത്തിവിടാന്‍ തീര്‍ത്ഥാടകരും തയ്യാറായില്ല. എരുമേലി പോലീസ് സ്ഥലത്തെത്തി. തീര്‍ത്ഥാടകരുമായി ചര്‍ച്ച നടത്തിയെങ്കിലും ഉപരോധം അവസാനിപ്പിക്കാന്‍ തയ്യാറായില്ല . ശബരിമല തീര്‍ത്ഥാടകരുടെ തിരക്ക് ഓരോ മണിക്കൂറിലും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് പോലീസ് കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.  കഴിഞ്ഞ ദിവസം മുതല്‍ എരുമേലിയില്‍ നിന്നും 20 മിനിറ്റില്‍ 10 വാഹനങ്ങളും , കരിങ്കല്ലുംമൂഴിയില്‍ നിന്നും അരമണിക്കൂറില്‍ 20 വാഹനങ്ങളുമാണ് കടത്തിവിടാന്‍ പോലീസിന് നിര്‍ദേശം നല്‍കിയത്. നിര്‍ദ്ദേശം നിലനില്‍ക്കുമ്പോഴാണ് ശബരിമലതീര്‍ത്ഥാടകര്‍ പോലീസ് സ്റ്റേഷന് സമീപം റോഡ് ഉപരോധിച്ചത്. തീര്‍ത്ഥാടകരുടെ പ്രധാന കേന്ദ്രമായ നിലക്കലില്‍ നിന്നും അറിയിപ്പ് ലഭിക്കുന്നതനുസരിച്ച് എരുമേലിയില്‍ നിന്നും വാഹനങ്ങള്‍ കടത്തിവിടുമെന്ന് പോലീസ് പറഞ്ഞു.  എന്നാല്‍ ഇത്തരത്തില്‍ റോഡ് ഉപരോധം തുടര്‍ന്നാല്‍ വരും ദിവസങ്ങളിലും ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇന്നലെ വിവിധ പാര്‍ക്കിംഗ് മൈതാനങ്ങളില്‍ തടഞ്ഞിട്ട തീര്‍ത്ഥാടക വാഹനങ്ങള്‍ ഇന്ന് ഉച്ചയ്ക്ക് മുമ്പ് പോയതോടെ മൈതാനങ്ങളും ഒഴിഞ്ഞിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് മറ്റ് സ്ഥലങ്ങളില്‍ തടഞ്ഞിട്ടുള്ള വാഹനങ്ങള്‍ വൈകുന്നേരത്തോടെ എരുമേലിയില്‍ എത്തിയത്. ഇത് എരുമേലിയില്‍ കൂടുതല്‍ ഗതാഗത കുരുക്കിന് കാരണമായി. മറ്റു വിവിധ സ്ഥലങ്ങളില്‍ നിന്നും ശബരിമലയിലേക്ക് തീര്‍ത്ഥാടകരുടെ വരവ് കൂടുകയാണെന്നും നിയന്ത്രണം കര്‍ശനമായ തുടരുമെന്നും പോലീസ് പറഞ്ഞു .