Wednesday, May 15, 2024
keralaNews

നടിയെ അക്രമിച്ച കേസ്; മെമ്മറികാര്‍ഡ് കേന്ദ്ര ഫോറന്‍സിക് ലാബില്‍ പരിശോധിക്കുമോ.. ഹൈക്കോടതി

കൊച്ചി; യുവ നടിയെ അക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കേന്ദ്ര ഫോറന്‍സിക് ലാബില്‍ പരിശോധിക്കുന്നത് സംബന്ധിച്ച് നിലപാടറിയിക്കാന്‍ പ്രോസിക്യൂഷന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ഹാഷ് വാല്യൂ മാറിയത് സംബന്ധിച്ച പരിശോധനയാണ് നടത്തേണ്ടത്.മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്ന ക്രൈംബ്രാഞ്ച് ഹര്‍ജിയില്‍ വ്യാഴാഴ്ച വാദം തുടരും.                                                           

മെമ്മറി കാര്‍ഡ് ഹാഷ് വാല്യൂ മാറിയാല്‍ എന്ത് സംഭിക്കുമെന്ന് വാദത്തിനിടെ കോടതി ചോദിച്ചു .ഹാഷ് വാല്യൂ മാറിയാലും ആര് മാറ്റിയെന്ന് കണ്ടെത്താന്‍ ശാസ്ത്രിയ പരിശോധന നിലവിലില്ലെന്നും,

എന്നാണ് മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ പരിശോധിച്ചത് എന്ന് മാത്രമേ ഫോറന്‍സിക് പരിശോധനയിലൂടെ കണ്ടെത്താന്‍ കഴിയൂ എന്നും കോടതി പറഞ്ഞു.

മെമ്മറി കാര്‍ഡ് സെന്‍ട്രല്‍ ഫോറന്‍സിക് ലബോറട്ടറിയില്‍ പരിശോധിച്ചാലോ എന്നും കോടതി ആരാഞ്ഞു.

അതേസമയം സെന്‍ട്രല്‍ ഫോറന്‍സിക് ലബോറട്ടറിയില്‍ പരിശോധിച്ചാലോ എന്ന ചോദ്യത്തെ അതിജീവിതയും പ്രോസിക്യൂഷനും എതിര്‍ത്തിരുന്നു.

കേസില്‍ തുടരന്വേഷണം അട്ടിമറിച്ചെന്ന് ആരോപിച്ച് സര്‍ക്കാരിനും വിചാരണക്കോടതിക്കുമെതിരെ അതിജീവിത ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

കസ്റ്റഡിയിലുള്ള മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ചോര്‍ത്തിയത് ആരാണെന്നറിയണമെന്നും ഹൈക്കോടതിയോട് ഇവര്‍ ആവശ്യപ്പെട്ടിരുന്നു.

ദൃശ്യങ്ങള്‍ പുറത്ത് പോയാല്‍ തന്റെ ഭാവി എന്താകുമെന്നും അതിജീവിത ചോദിച്ചു. ദൃശ്യങ്ങളുള്ള മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കോടതിയെ ആശങ്ക അറിയിച്ചത്.

ഫോറന്‍സിക് റിപ്പോര്‍ട്ട് പ്രകാരം മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയെന്നുണ്ട്. അതേസമയം ദൃശ്യങ്ങളുള്ള ക്ലിപ്പുകളുടെ ഹാഷ് വാല്യു മാറിയതായി റിപ്പോര്‍ട്ടില്ല. ഈ സാഹചര്യത്തില്‍ ആശങ്ക എന്തിനാണെന്നും ഹൈക്കോടതി ചോദിച്ചിരുന്നു.