Saturday, May 18, 2024
keralaNews

നടന്‍ റിസബാവയുടെ മൃതദേഹം ഖബറടക്കി.

ഇന്നലെ അന്തരിച്ച നടന്‍ റിസബാവയുടെ മൃതദേഹം ഖബറടക്കി. കൊച്ചി കൊച്ചങ്ങാടി ചെമ്പിട്ട പള്ളിയില്‍ ആയിരുന്നു ഖബറടക്കം. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു ഖബറടക്കം നടന്നത്. കൊച്ചി കളക്ടര്‍ അന്തിമോപചാരം അര്‍പ്പിച്ചു.മരണശേഷം നടത്തിയ പരിശോധനയില്‍ റിസബാവക്ക് കൊവിഡ് പോസീറ്റീവ് ആയിരുന്നെന്ന് തെളിഞ്ഞിരുന്നു. ഇതോടെ നിശ്ചയിച്ചിരുന്ന പൊതുദര്‍ശനം അടക്കമുളളവ ഒഴിവാക്കി. വ്യക്കസംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു ഇന്നലെ കൊച്ചിയിലെ ആശുപത്രിയില്‍ റിസബാവയുടെ അന്ത്യം. നൂറ്റി ഇരുപതിലധികം സിനിമകളില്‍ അഭിനയിച്ച റിസബാവ ഡബ്ബിങ് ആര്‍ടിസ്റ്റായും തിളങ്ങി.രണ്ടുദിവസം മുമ്പുണ്ടായ ഹൃദയാഘാതമാണ് അമ്പത്തഞ്ച് റിസബാവയുടെ ആരോഗ്യനില കൂടതല്‍ വഷളാക്കിയത്. നേരത്തെ തന്നെ വൃക്ക സംബന്ധമായ രോഗത്തിന് ചികില്‍സയിലായിരുന്നു. വെന്റിലേറ്റര്‍ സഹായത്തോടെയാണ് കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റിയില്‍ ജീവന്‍ നിലനിര്‍ത്തിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് ഔദ്യോഗികമായി മരണം സ്ഥീരീകരിച്ചത്.എറണാകുളം തോപ്പുംപടി സദേശിയായ റിസബാവ നാടകങ്ങളിലൂടെയാണ് കലാരംഗത്തെത്തിയത്. തിരുവനന്തപുരം സംഘചേതനയുടെ സ്വാതി തിരുനാള്‍ നാടകത്തിലെ സ്വാതി തിരുനാളിന്റെ വേഷം നാടകപ്രേമികള്‍ക്കിടയില്‍ പരിചിതനാക്കി. 1984ല്‍ വിഷുപ്പക്ഷിയെന്ന സിനിമയിലാണ് ആദ്യം അഭിനയിച്ചതെങ്കിലും ഈ ചിത്രം പുറത്തുവന്നില്ല. പിന്നെയും ആറുവര്‍ഷങ്ങള്‍ കഴിഞ്ഞ് 1990ല്‍ പുറത്തിറങ്ങിയ ഡോ. പശുപതി എന്ന ചിത്രത്തിലെ നായകതുല്യമായ വേഷം റിസബാവയെന്ന നടന് തിരശീലയില്‍ തുടക്കമായി.ദ്ധിഖ് ലാല്‍ കൂട്ടുകെട്ടില്‍പ്പിറന്ന ഇന്‍ ഹരിഹര്‍ നഗര്‍ ചിത്രത്തിലെ ജോണ്‍ ഹോനായി എന്ന സൗമ്യനായ വില്ലന്‍ വേഷം റിസവബാവയ്ക്ക് താരപരിവേഷമുണ്ടാക്കി. പിന്നീടുളള വര്‍ഷങ്ങള്‍ നിരവധി സിനിമകളില്‍ വില്ലനായും സ്വഭാവ നടനായും തിളങ്ങി. രണ്ടായിരത്തിനുശേഷമാണ് സീരിയലുകളിലേക്ക് ചേക്കേറിയത്. ഇരുപതിലധികം സീരിയലുകളില്‍ മികച്ച വേഷങ്ങള്‍ ചെയ്തതോടെ കുടുംബസദസുകള്‍ക്കും പ്രിയങ്കരനായി.
പ്രണയം സിനിമയില്‍ അനുപം ഖേറിന് ശബ്ദം നല്‍കിയാണ് ഡബ്ബിങ്ങിലേക്ക് തിരിഞ്ഞത്. 2010ല്‍ മികച്ച ഡബിങ് കലാകാരനുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടി. സിനിമയിലും സീരിയലിലും സജീവമായി നിന്നപ്പോഴാണ് ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിത്തുടങ്ങിയത്. കഴിഞ്ഞ കുറേ നാളുകളായി ചികില്‍സയിലായിരുന്നു. മലയാള സിനിമ എക്കാലവും ഓര്‍ക്കുന്ന നിരവധി കഥാപാത്രങ്ങളെ തിരശീലയില്‍ അഭിനയിച്ച് ഫലിപ്പിച്ചാണ് റിസബാവയെന്ന നടന്‍ അരങ്ങൊഴിയുന്നത്.