Monday, April 29, 2024
Newspoliticsworld

ഇറ്റലിയില്‍ പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാന്‍ വോട്ടെടുപ്പ് ആരംഭിച്ചു

റോം: രണ്ടാം ലോക മഹായുദ്ധം അവസാനിച്ച ശേഷം ആദ്യമായി ഇറ്റലിയില്‍ പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാന്‍ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ 7 മണിക്ക് ആരംഭിച്ച പോളിംഗ് രാത്രി 11 ന് അവസാനിക്കും. വലതുപക്ഷ പാര്‍ട്ടിയായ ബ്രദേഴ്സ് ഓഫ് ഇറ്റലിയുടെ ജോര്‍ജിയ മെലോനിക്കാണ് സാദ്ധ്യത കല്‍പിക്കപ്പെടുന്നത്. ആദ്യമായിട്ടാകും ഇറ്റലി ഒരു മദ്ധ്യ-വലതുപക്ഷ സര്‍ക്കാരിന് അനുകൂലമായി വിധിയെഴുതുന്നത്. 2012 ലാണ് ബ്രദേഴ്സ് ഓഫ് ഇറ്റലി രൂപീകരിച്ചത്. പക്ഷെ മുസോളിനിയുടെ മരണശേഷം നടന്ന നിയോ ഫാസിസ്റ്റ് മൂവ്മെന്റിന്റെ വേരുകളുളള പാര്‍ട്ടിയാണ് ബ്രദേഴ്സ് ഓഫ് ഇറ്റലി. 2018 ലെ തിരഞ്ഞെടുപ്പില്‍ കേവലം നാല് ശതമാനം വോട്ടുകള്‍ മാത്രമായിരുന്നു പാര്‍ട്ടി നേടിയത്. എന്നാല്‍ അതിന് ശേഷം പ്രതിപക്ഷ നിരയിലെ ശക്തമായ പ്രവര്‍ത്തനം അവര്‍ക്ക് കൂടുതല്‍ വേരോട്ടം ഉണ്ടാക്കിക്കൊടുത്തു. സഖ്യകക്ഷികള്‍ പിന്തുണ പിന്‍വലിച്ചതോടെ പ്രധാനമന്ത്രി മരിയോ ഡ്രാഗി ജൂലൈയില്‍ രാജിവെച്ചിരുന്നു. ആറ് മാസം കഴിഞ്ഞ് നടക്കേണ്ട തിരഞ്ഞെടുപ്പ് നേരത്തെയായതും ഇക്കാരണത്താലാണ്. ബ്രദേഴ്സ് ഓഫ് ഇറ്റലിയുടെ നേതൃത്വത്തിലുളള വലതുപക്ഷ സഖ്യത്തിനാണ് പൂര്‍ണമായും സാദ്ധ്യതകള്‍ പ്രവചിക്കപ്പെടുന്നത്. മുന്‍ പ്രധാനമന്ത്രി എന്‍ റിക്കോ ലെറ്റയുടെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതൃത്തിലുളള മദ്ധ്യ ഇടത് സഖ്യത്തില്‍ നാല് പാര്‍ട്ടികളാണ് ഉളളത്. 51 മില്യന്‍ ഇറ്റാലിയന്‍ പൗരന്‍മാരാണ് വോട്ട് രേഖപ്പെടുത്തുക. പോളിംഗ് അവസാനിക്കുന്നതോടെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരും. വോട്ടെണ്ണലും പിന്നാലെ നടക്കും വൈകിട്ടോടെ ഫലം പ്രഖ്യാപിക്കും. ഒക്ടോബറിലാകും പുതിയ സര്‍ക്കാര്‍ അധികാരത്തിലേറുക. യുക്രെയ്നിലെ റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് റഷ്യയ്ക്കെതിരായ നിലപാടാണ് ജോര്‍ജിയ മെലോനി സ്വീകരിക്കുന്നത്. റഷ്യയ്ക്കെതിരെയുളള പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധത്തെ ഉള്‍പ്പെടെ അവര്‍ ശക്തമായി പിന്തുണച്ചിരുന്നു.