Wednesday, May 15, 2024
indiaNews

നടന്‍ ദീപ് സിദ്ദു വാഹനാപകടത്തില്‍ മരിച്ചു.

ന്യൂഡല്‍ഹി :പഞ്ചാബി നടനും ആക്ടിവിസ്റ്റുമായ ദീപ് സിദ്ദു (37) ഹരിയാനയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. കര്‍ഷക സമരവുമായി ബന്ധപ്പെട്ടു കഴിഞ്ഞവര്‍ഷം റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയിലുണ്ടായ അക്രമ സംഭവങ്ങളില്‍ ആരോപണ വിധേയനായിരുന്നു, അറസ്റ്റിലുമായി. ഡല്‍ഹിയില്‍നിന്നു പഞ്ചാബിലെ ഭട്ടിന്‍ഡയിലേക്കു കാറില്‍ പോകവേ ട്രെയിലര്‍ ഇടിച്ചുണ്ടായ അപകടത്തിലാണു ദീപ് മരിച്ചതെന്നാണു റിപ്പോര്‍ട്ട്. കുണ്ഡ്‌ലിമനേസര്‍പല്‍വാല്‍ (കെഎംപി) എക്‌സ്പ്രസ്‌വേയില്‍ രാത്രി ഒന്‍പതരയോടെ ആയിരുന്നു അപകടം.കര്‍ഷക സമരത്തിനിടെ 2021ലെ റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ സിഖ് പതാക ഉയര്‍ത്താനുള്ള ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ടയാളാണ് ദീപ്. ചെങ്കോട്ടയില്‍ സിഖ് പതാക ഉയര്‍ത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ടു കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ സിദ്ദുവിനെ അറസ്റ്റ് ചെയ്തിരുന്നു. കര്‍ഷക സമരത്തിന്റെ കേന്ദ്രബിന്ദുവായി മാറിയ സിംഘു അതിര്‍ത്തിക്കു സമീപം സോനിപത്തിലെ എക്സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ സിദ്ദു ആശുപത്രിയിലേക്കുള്ള മാര്‍ഗമധ്യേയാണു മരിച്ചതെന്നാണു വിവരം.