Sunday, April 28, 2024
keralaNews

ധാരാണാപത്രം ഒപ്പുവെച്ചു.

ഇക്കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽവന്ന ത്രിതല സമിതികളിലെ അംഗങ്ങൾക്ക് ‘വികേന്ദ്രീകരണവും തദ്ദേശസ്വയംഭരണവും’ എന്ന വിഷയത്തിൽ ആറ് മാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്സ് മാർച്ച് മാസത്തിൽ ആരംഭിക്കാൻ ധാരാണാപത്രമായി. കില (കേരള ഇൻസ്റ്റിറ്റ്യാട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ), ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി, കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്, ഇന്നവേഷൻ ആന്റ് ടെക്നോളജി എന്നീ മൂന്ന് സ്ഥാപനങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ ആരംഭിക്കുന്ന കോഴ്സിന്റെ വിശദാംശങ്ങൾ തയ്യാറാക്കുന്ന പദ്ധതി ആരംഭിച്ചു. കിലയുടെ ഡയറക്ടർ ജനറൽ ഡോ, ജോയ് ഇളമണിന്റെ അദ്ധ്യക്ഷതയിൽ ഒരു ടാസ്ക് ഫോഴ്സ് ഇതിന്റെ നടത്തിപ്പിനായി നിലവിൽവന്നു.
വിദൂരവിദ്യാഭ്യാസ രീതിയിൽ നടപ്പിലാക്കുന്ന ഈ കോഴ്സിന്റെ വൈവിധ്യമാർന്ന ഓൺലൈൻ പഠന സാമഗ്രികൾ ഇതിനെ കൂടുതൽ ആകർഷകമാക്കുന്നു. 16 അക്കാദമിക് ക്രഡിറ്റുള്ള ഈ കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന പഠിതാവിന് ഉപരിപഠനത്തിന് ഈ ക്രെഡിറ്റുകൾ പ്രയോജനപ്പെടുത്താവുന്നതാണ്. ഈ പഠന പ്രക്രിയ പൂർത്തിയാക്കുന്ന ഓരോ പഠിതാവിനേയും താൻ പ്രതിനിധീകരിക്കുന്ന വാർഡിന്റെ അടുത്ത 5 വർഷത്തേക്കുള്ള വികസന പദ്ധതിയുടെ കരട് രേഖ തയ്യാറാക്കാൻ പ്രാപ്തരാക്കുന്നതാണ്.
തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് തദ്ദേശഭരണ രീതികളിലും പ്രവർത്തനമേഖലകളിലും മികവ് ഉറപ്പുവരുത്തുന്ന ഒരു പാഠ്യപദ്ധതി നടപ്പിലാക്കുന്ന ആദ്യത്തെ ജനാധിപത്യ സമൂഹമായി മാറി കേരളം, ഇതുവഴി. മൂന്ന് പ്രധാന സ്ഥാപനങ്ങൾ ഒത്തുചേരുന്നത് ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്. മാർച്ചിൽ ആരംഭിക്കുന്ന ഈ പദ്ധതിയുടെ ധാരണാപത്രം ഒപ്പുവെയ്ക്കൽ ചടങ്ങിൽ കില ഡയറക്ടർ ജനറൽ ഡോ. ജോയ് ഇളമൺ, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പി. എം. മുബാറക് പാഷ, കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്, ഇന്നവേഷൻ ആന്റ് ടെക്നോളജി വൈസ് ചാൻസിലർ ഡോ. സജി ഗോപിനാഥ്, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പ്രോ- വൈസ് ചാൻസിലർ ഡോ എസ് വി സുധീർ, രജിസ്ട്രാർ ഡോ. പി.എൻ. ദിലീപ്, ഡോ. വിനോദ്, ഡോ. ഷെർലി തുടങ്ങിയവർ സംബന്ധിച്ചു.