Sunday, April 28, 2024
keralaNews

ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ച

കൊച്ചി :അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി തിങ്കളാഴ്ച. ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. തിങ്കളാഴ്ച രാവിലെ പത്തേകാലിന് ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് വിധി പറയും.സമാനതയില്ലാത്ത കുറ്റകൃത്യത്തില്‍നിന്നാണ് കേസിന്റെ തുടക്കമെന്ന് വെള്ളിയാഴ്ച വാദത്തിനിടെ പ്രോസിക്യൂഷന്‍ ആരോപിച്ചു. സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ ലഭിക്കുന്നതിനാണ് ദിലീപ് ക്വട്ടേഷന്‍ കൊടുത്തത്. കൃത്യമായ ആസൂത്രണത്തോടെ ബുദ്ധിപരമായി ലക്ഷ്യം കണ്ടു. നിയമത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെടാന്‍ തന്ത്രവുമൊരുക്കി. ഐപിസി തയാറാക്കിയവര്‍ പോലും ചിന്തിക്കാത്ത കുറ്റമാണ് ദിലീപ് ചെയ്തത്. അതുകൊണ്ടുതന്നെ ദിലീപിനു മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ അര്‍ഹതയില്ലെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.