Thursday, May 16, 2024
keralaNewsUncategorized

ദിലീപിന്റെ ജാമ്യം റദ്ദാക്കല്‍; തെളിവുകള്‍ മുദ്രവെച്ച കവറില്‍ ക്രൈംബ്രാഞ്ച് കോടതിക്ക് കൈമാറി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ തെളിവുകള്‍ മുദ്രവെച്ച കവറില്‍ ക്രൈംബ്രാഞ്ച് കോടതിക്ക് കൈമാറി. ഹര്‍ജി ഈ മാസം 26 ന് പരിഗണിക്കാന്‍ വിചാരണ കോടതി മാറ്റി.

കോടതി രേഖകള്‍ ദിലീപിന്റെ ഫോണില്‍ കണ്ടെടുത്ത സംഭവത്തില്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന അപേക്ഷ മാധ്യമങ്ങള്‍ക്ക് എങ്ങിനെ ലഭിച്ചന്ന് പ്രോസിക്യൂഷന് വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസും ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തും നല്‍കിയ വിശദീകരണങ്ങള്‍ തൃപ്തികരമല്ലെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

വിപിന്‍ലാല്‍, ജിന്‍സണ്‍ എന്നീ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് പീച്ചി പൊലീസും ബേക്കല്‍ പൊലീസും രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ചൂണ്ടികാട്ടി ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ അന്വേഷണസംഘം ശ്രമിച്ചെങ്കിലും കോടതി അനുവദിച്ചിരുന്നില്ല.

മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ആ ആവശ്യം നിരാകരിക്കുകയായിരുന്നു. എന്നാല്‍ തുടര്‍ അന്വേഷണത്തില്‍ ദിലീപ് ജാമ്യം വ്യവസ്ഥ ലംഘിച്ചതിന്റ നിരവധി തെളിവുകള്‍ ലഭിച്ചെന്ന് അന്വേഷണ സംഘം ചൂണ്ടികാട്ടുന്നു.

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി പണം ആവശ്യപ്പെട്ട് ദിലീപിനയച്ച കത്താണ് ഗൂഢാലോചനയില്‍ ദിലീപിനെതിരായ പ്രധാന തെളിവുകളില്‍ ഒന്ന്.

ഈ കത്തിനെക്കുറിച്ച് പൊലീസ് നടത്തിയ കണ്ടെത്തലുകള്‍ എങ്ങനെ മാറ്റിപ്പറയണമെന്നാണ് സീനിയര്‍ അഭിഭാഷകനായ ബി രാമന്‍പിള്ള ദിലീപിന്റെ സഹോദരന്‍ അനൂപിനെ പഠിപ്പിക്കുന്നത്.

കേസില്‍ ആദ്യഘട്ട കുറ്റപത്രം നല്‍കിയത് 2017 ഏപ്രില്‍ 17 നായിരുന്നു. ഏപ്രില്‍ 10 നാണ് ജയിലില്‍ വെച്ച് സുനില്‍ ദിലീപിന് കത്ത് എഴുതിയത്. ഈ കത്ത് ദിലീപിന് കൈമാറാന്‍ സുനിയുടെ ആവശ്യപ്രകാരം വിഷണു ദിലീപിന്റെ വിട്ടിലെത്തിയിരുന്നു.

പിന്നീട് ദിലിപിന്റെ മാനേജര്‍ അപ്പുണിയെ കണ്ട് ഇക്കാര്യം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കണ്ടെത്തലുകള്‍ എങ്ങനെ തിരുത്തണമെന്ന് സംഭാഷണത്തിലുണ്ട്. മൊഴി പഠിപ്പിക്കുന്നതിനിടെ അനൂപ് മൊബൈല്‍ ഫോണില്‍ ഇത് റെക്കോഡ് ചെയ്യുകയായിരുന്നു.

അനൂപിന്റെ ഫോണ്‍ പരിശോധനയില്‍ ലഭിച്ച ഈ തെളിവ് ക്രൈംബ്രാഞ്ച് സംഘം ഹൈക്കോടിക്ക് കൈമാറി. കേസില്‍ അഭിഭാഷകന്‍ ചട്ടം ലംഘിച്ച് എങ്ങനെ ഇടപെട്ടു എന്നതിന്റെ തെളിവായാണ് ഓഡിയോ കൈമാറിയത്.

ഇതിനിടെ നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സഹോദരി ഭര്‍ത്താവിനെതിരായ മാധ്യമവാര്‍ത്തകള്‍ക്കുള്ള വിലക്ക് സംബന്ധിച്ച് ഹൈക്കോടതി ഉത്തരവ് പുറത്ത് വന്നു.