Tuesday, May 21, 2024
keralaNewspolitics

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് കര്‍ശന നിബന്ധനകള്‍.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് കര്‍ശന നിബന്ധനകള്‍. വോട്ടെടുപ്പിന് 48 മണിക്കൂര്‍ മുമ്പ് മുതല്‍ വോട്ടെടുപ്പ് അവസാനിക്കുന്നത് വരെയുള്ള സമയങ്ങളില്‍ ഉച്ചഭാഷിണിയിലൂടെയുള്ള പ്രചാരണം പാടില്ല. വിജ്ഞാപനമിറങ്ങിയത് മുതല്‍ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരുന്നത് വരെയുള്ള കാലയളവില്‍ രാവിലെ ആറു മുതല്‍ രാത്രി 10 മണി വരെയുള്ള സമയത്തു മാത്രമേ ഉച്ചഭാഷിണികള്‍ ഉപയോഗിക്കാന്‍ അനുമതിയുള്ളൂ. അതും അധികൃതരുടെ അറിവോടു കൂടി മാത്രം. തെരഞ്ഞെടുപ്പ് കാലയളവില്‍ രാത്രിസമയങ്ങളില്‍ പൊതുയോഗങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗിക്കാമെങ്കിലും രാത്രി 10 മണി മുതല്‍ രാവിലെ ആറു വരെ അനുമതിയില്ല.രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ത്ഥികളും വ്യക്തികളും വാഹനങ്ങളിലും നിശ്ചിത സ്ഥലങ്ങളിലും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് മുമ്പ് അതത് മണ്ഡലങ്ങളിലെ റിട്ടേണിംഗ് ഓഫീസര്‍മാര്‍, പോലീസ് എന്നിവര്‍ക്ക് ഉപയോഗിക്കുന്ന ഉച്ചഭാഷിണിയുടെയും വാഹനത്തിന്റെയും വിശദാംശങ്ങള്‍ രേഖാമൂലം നല്‍കണം. മൊബൈല്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിക്കുന്നതിനും സമാനമായ നിബന്ധനകള്‍ ബാധകമാണ്.രോഗികള്‍, ബലഹീനര്‍, വയോധികര്‍, വിദ്യാര്‍ത്ഥികള്‍, വളര്‍ത്തുമൃഗങ്ങള്‍ എന്നിവര്‍ക്ക് ശല്യമാകാത്ത വിധത്തില്‍ മാത്രമേ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉച്ചഭാഷിണികള്‍ ഉപയോഗിക്കാവൂ. ഉച്ചഭാഷിണി ഉപയോഗിക്കുന്നത് അനുവദനീയമായ ശബ്ദ പരിധിക്കുള്ളിലായിരിക്കണമെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. നിബന്ധനകള്‍ ലംഘിച്ചാല്‍ ഉച്ചഭാഷിണി ഉപയോഗം നിര്‍ത്തിവെയ്പ്പിക്കും. ലൈസന്‍സും റദ്ദാക്കും. ഉച്ചഭാഷിണി വാഹനത്തിലാണ് ഉപയോഗിക്കുന്നതെങ്കില്‍ ഡ്രൈവര്‍ക്കെതിരെയും സംഘാടകര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കും