Saturday, May 18, 2024
keralaNewspolitics

കലാശക്കൊട്ട് നിരോധിച്ചു

140 നിയമസഭാ മണ്ഡലങ്ങളിലും മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലും തുടരുന്ന വീറും വാശിയും നിറഞ്ഞ പരസ്യ പ്രചാരണത്തിന് നാളെ വൈകിട്ട് 7നു സമാപനം. മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണയുടെ ശുപാര്‍ശ കണക്കിലെടുത്ത് കേരളത്തില്‍ കലാശക്കൊട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിരോധിച്ചു.

കോവിഡ് വ്യാപന, സംഘര്‍ഷ സാധ്യതകള്‍ കണക്കിലെടുത്താണു നിരോധനം. മുന്‍പ്, കലാശക്കൊട്ട് ഒഴിവാക്കുന്നതിനെക്കുറിച്ചു രാഷ്ട്രീയ കക്ഷികളുടെ അഭിപ്രായം തേടിയപ്പോള്‍ വ്യത്യസ്ത നിലപാടാണു കക്ഷികള്‍ സ്വീകരിച്ചത്.

നക്സല്‍ ഭീഷണിയുള്ള മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പറ്റ, ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍, കോങ്ങാട്, മണ്ണാര്‍ക്കാട്, മലമ്പുഴ മണ്ഡലങ്ങളില്‍ വൈകിട്ട് 6 വരെയാണ് പരസ്യ പ്രചാരണം.അതിനു ശേഷം പൊതുയോഗങ്ങള്‍, പ്രകടനങ്ങള്‍, രാഷ്ട്രീയ ആഭിമുഖ്യമുള്ള കലാപരിപാടികള്‍ തുടങ്ങിയവ പാടില്ല. ടിവിയിലും മറ്റ് ഇലക്ട്രോണിക് മാധ്യമങ്ങളിലും രാഷ്ട്രീയ പ്രചാരണങ്ങള്‍ ഒഴിവാക്കണം. ലംഘിക്കുന്നവര്‍ക്ക് 2 വര്‍ഷം വരെ തടവുശിക്ഷയും പിഴയും ലഭിക്കും.

80 വയസ്സിനു മേലുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കോവിഡ് ബാധിതര്‍ക്കും വേണ്ടിയുള്ള തപാല്‍ വോട്ടിങ് പൂര്‍ത്തിയായി. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളവരുടെ തപാല്‍ വോട്ടിങ് തുടരുകയാണ്. 6നു രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെയാണ് വോട്ടെടുപ്പ്. നക്‌സല്‍ മേഖലകളില്‍ 6നു വോട്ടെടുപ്പ് അവസാനിക്കും. എല്ലാ മണ്ഡലങ്ങളിലും അവസാനത്തെ ഒരു മണിക്കൂര്‍ കോവിഡ് ബാധിതര്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും പിപിഇ കിറ്റ് ധരിച്ചെത്തി വോട്ടു ചെയ്യാം. വോട്ടിങ് മെഷീനില്‍ ബാലറ്റ് പതിപ്പിക്കുന്ന ജോലി തുടരുകയാണ്. മേയ് 2 നാണു വോട്ടെണ്ണല്‍.