Thursday, May 2, 2024
keralaNews

ശശീന്ദ്രന് പൊലീസിന്റെ ക്‌ളീന്‍ ചിറ്റ്.

കൊല്ലം കുണ്ടറയില്‍ യുവതിയെ അപമാനിച്ചെന്ന പരാതി ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി എകെ ശശീന്ദ്രന്‍ ഇടപെട്ടില്ലെന്നും കേസെടുക്കാനാകില്ലെന്നും പൊലീസ് റിപ്പോര്‍ട്ട്. നല്ല നിലയില്‍ പരിഹരിക്കണമെന്ന് മന്ത്രി പരാതിക്കാരിയുടെ അച്ഛനോട് ഫോണില്‍ പറഞ്ഞതില്‍ ഭീഷണിയോ ഒത്തുതീര്‍പ്പോ ഇല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇംഗ്‌ളീഷ് മലയാളം നിഘണ്ടു ഉദ്ധരിച്ചുളള നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍കൂടിയാണ് പൊലീസ് റിപ്പോര്‍ട്ട് തയാറാക്കിയത്.മന്ത്രി എകെ ശശീന്ദ്രനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് എറണാകുളത്തെ യൂത്ത് ലീഗ് നേതാവ് സജല്‍ നല്‍കിയ പരാതിയിലാണ് പൊലീസ് തീരുമാനത്തിലെത്തിയത്. മന്ത്രി എകെ ശശീന്ദ്രന്‍ യുവതിയെ നേരിട്ട് വിളിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ല. ജൂലൈ നാലിന് രാവിലെ 10.17 ന് മന്ത്രി യുവതിയുടെ അച്ഛന്റെ ഫോണിലേക്ക് വിളിച്ച് നല്ല നിലയില്‍ പരിഹരിക്കണം എന്ന് പറഞ്ഞതിലും തെറ്റില്ല. പരാതി ഒതുക്കി തീര്‍ക്കണമെന്നോ ഭീഷണിപ്പെടുത്തലായോ ഇതിനെ കാണാന്‍ കഴിയില്ല. ഇരയുടെ പേരോ, ഇരയ്‌ക്കെതിരായോ യാതൊരു പരാമര്‍ശവും ഫോണ്‍ സംഭാഷണത്തില്‍ ഇല്ല. കേസുകള്‍ പിന്‍വലിക്കണമെന്നും പറഞ്ഞില്ല. ജില്ലാ ഗവണ്‍മെന്റ് പ്‌ളീഡര്‍ നല്‍കിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍കൂടിയാണ് റിപ്പോര്‍ട്ട് തയാറാക്കിയതെന്ന് ശാസ്താംകോട്ട ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ ഇംഗ്‌ളീഷ് മലയാളം നിഘണ്ടു ഉദ്ധരിച്ചായിരുന്നു മന്ത്രി കുറ്റക്കാരനല്ലെന്ന് ജില്ലാ ഗവണ്‍മെന്റ് പ്‌ളീഡര്‍ കണ്ടെത്തിയതും പൊലീസിന് നിയമോപദേശം നല്‍കിയതും.മന്ത്രിക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്നാണ് യുവതിയുടെ അച്ഛന്റെ പ്രതികരണം. നിയമോപദേശത്തോടും പൊലീസ് റിപ്പോര്‍ട്ടിനോടും തല്‍ക്കാലം പ്രതികരിക്കാനില്ലെന്നും യുവതിയുടെ കുടുംബം വ്യക്തമാക്കി.