Thursday, May 16, 2024
keralaNewsObituary

തീവ്രവാദികളെന്ന് വിളിച്ച മന്ത്രി സജി ചെറിയാന്റെ ഓഫീസിലേക്ക് സര്‍വ്വെക്കലുമായി ബിജെപിയുടെ പ്രതിഷേധം

ചെങ്ങന്നൂര്‍: കെ റെയില്‍ പ്രതിഷേധക്കാരെ തീവ്രവാദികളെന്ന് വിളിച്ച മന്ത്രി സജി ചെറിയാന്റെ ഓഫീസിലേക്ക് സര്‍വ്വെക്കല്ലുമായി ബിജെപിയുടെ പ്രതിഷേധം.            ബിജെപിയുടെ ചെങ്ങന്നൂര്‍, മാന്നാര്‍ മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചില്‍ സ്ത്രീകള്‍ അടക്കം നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. ജനവികാരം അവഗണിച്ചും വിവാദ പദ്ധതിയുമായി മുന്നോട്ടുപോകുന്ന സര്‍ക്കാരിനെതിരായ പ്രതിഷേധമാണ് മാര്‍ച്ചില്‍ നിറഞ്ഞുനിന്നത്.                                                                     ഓഫീസിന് കുറച്ചകലെ പോലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ച് മാര്‍ച്ച് തടഞ്ഞു. ബാരിക്കേഡുകള്‍ തളളിനീക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചത് സംഘര്‍സ്ഥിതിയിലേക്ക് നയിച്ചു. കെ റെയിലുമായി ബന്ധപ്പെട്ട പേടിസ്വപ്നമായ മഞ്ഞക്കുറ്റിയും മന്ത്രിയുടെ കോലവും കൈയ്യിലേന്തിയായിരുന്നു പ്രതിഷേധം. മന്ത്രി മാഫിയകളാണ് ഇവിടം ഭരിക്കുന്നതെന്ന് ബിജെപി കുറ്റപ്പെടുത്തി.

ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. എസ് സുരേഷ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. നെഞ്ചത്തടിച്ച് നിലവിളിക്കുന്ന പാവങ്ങളെ തീവ്രവാദികളായി കാണുന്നത് കമ്യൂണിസത്തിന്റെ ഗതികേടാണെന്ന് അദ്ദേഹം പറഞ്ഞു. ബഫര്‍സോണുമായി ബന്ധപ്പെട്ട് മന്ത്രിയുടെ വിഡ്ഡിത്തം കെ റെയില്‍ എംഡി തന്നെ തിരുത്തിപറഞ്ഞതായും എസ് സുരേഷ് ചൂണ്ടിക്കാട്ടി. മന്ത്രിമാര്‍ക്ക് പോലും ജനങ്ങളെ എത്രത്തോളം ദ്രോഹിക്കുന്നതാണ് പദ്ധതിയെന്ന് ബോധ്യമില്ല. അത്തരമൊരു പദ്ധതി ഏത് കൊളളക്കാര്‍ക്ക് വേണ്ടിയാണെന്ന് പിണറായി വിജയന്‍ പറയണമെന്നും എസ് സുരേഷ് പറഞ്ഞു.

ഇന്നലെയാണ് പ്രതിഷേധക്കാര്‍ തീവ്രവാദികളാണെന്ന് മന്ത്രി സജി ചെറിയാന്‍ ആരോപിച്ചത്. പ്രതിഷേധത്തിനായി തീവ്രവാദ സംഘടനകളില്‍ നിന്നും ആളെ ഇറക്കുകയാണെന്നും കുറ്റി ഊരുന്നവരെ വെറുതെ വിടില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.