Thursday, May 2, 2024
keralaNews

തിരുവനന്തപുരത്ത് ഒന്നരവയസുകാരന്റെ കാലില്‍ ഡ്രിപ്പ് ഇടാന്‍ കുത്തിയ സൂചി ഒടിഞ്ഞ് തറച്ചു.

തിരുവനന്തപുരം: ഒന്നരവയസുകാരന്റെ കാലില്‍ കുത്തിയ സൂചി ഒടിഞ്ഞ് തറച്ചു.നെയ്യാറ്റിന്‍കര സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം.
ഡ്രിപ്പ് ഇടാന്‍ കുത്തിയ സൂചിയാണ് ഒടിഞ്ഞത്. പനി ബാധിച്ച് ചികിത്സ തേടിയെത്തിയതായിരുന്നു കുട്ടി. സൂചി തറച്ചുകയറിയെന്ന് മനസിലായതോടെ എസ്എടി ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയാണ് സൂചി പുറത്തെടുത്തത്.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു നെയ്യാറ്റിന്‍കര സര്‍ക്കാര്‍ ആശുപത്രിയില്‍ കുഞ്ഞിനെ പ്രവേശിപ്പിച്ചത്. ആദ്യം കുഞ്ഞിന്റെ കൈകളില്‍ ട്രിപ്പ് ഇട്ടിരുന്നു. പിന്നീട് കുഞ്ഞിന് വേദനയുണ്ടെന്നറിയിച്ചപ്പോള്‍ കാലില്‍ കുത്തുകയായിരുന്നു. അപ്പോഴാണ് സൂചി ഒടിഞ്ഞ് കാലില്‍ തറച്ചത്. ഉടന്‍ തന്നെ ഇക്കാര്യം ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും എസ്എടി ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു.

വ്യാഴാഴ്ചയായിരുന്നു എസ്എടി ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയത്. തുടര്‍ന്ന് സൂചി പുറത്തെടുത്തു. നിലവില്‍ കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. അതിനിടെ നെയ്യാറ്റിന്‍കര ആശുപത്രിയിലെ നഴ്സുമാര്‍ മോശമായി പെരുമാറിയെന്ന ആരോപണവും കുടുംബം ഉന്നയിച്ചു.