Friday, April 26, 2024
keralaNewspolitics

യുഡിഎഫ് ഉന്നതാധികാര സമിതിയോഗം നാളെ ചേരും.

കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ യുഡിഎഫ് ഉന്നതാധികാര സമിതിയോഗം നാളെ ചേരും. രാവിലെ 10ന് കന്റോണ്‍മെന്റ് ഹൗസില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് യോഗം. രണ്ടില ചിഹ്നം ലഭിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് കേരള കോണ്‍ഗ്രസ് ജോസ് പക്ഷമെങ്കിലും ചൊവ്വാഴ്ച നടക്കുന്ന യുഡിഎഫ് യോഗത്തിലേക്ക് ക്ഷണമില്ല. ഒരേ സമയം രണ്ടു വള്ളത്തില്‍ കാലുവയ്ക്കുന്ന നിലപാടുമായി നില്‍ക്കുന്ന ജോസ് പക്ഷത്തെ ക്ഷണിക്കേണ്ടതില്ലെന്നാണ് യുഡിഎഫ് നിലപാട്.

മാത്രമല്ല പരസ്പരം പോരടിച്ച് നില്‍ക്കുന്ന കേരള കോണ്‍ഗ്രസുകളില്‍ ഏതെങ്കിലും ഒരു പക്ഷം മതിയെന്നാണ് യുഡിഎഫിന്റെ പൊതു വികാരം. ജോസ് പക്ഷം വാതിലുകള്‍ എല്‍ഡിഎഫിന് മുന്നില്‍ തുറന്നിട്ടിരിക്കുന്ന പശ്ചാത്തലത്തില്‍ അവരോട് കൂടുതല്‍ മൃദുവായ സമീപനത്തിന്റെ ആവശ്യമില്ലെന്നാണ് കോണ്‍ഗ്രസിന്റെയും നിലപാട്. എല്‍ഡിഎഫിലേക്ക് ജോസ് പക്ഷം പോകുകയാണെങ്കില്‍ ജോസ് കെ മാണിയുടെ രാജ്യസഭാ എംപി സ്ഥാനവും തോമസ് ചാഴിക്കാടന്റെ കോട്ടയം എംപി സ്ഥാനവും രാജിവയ്ക്കണമെന്ന് ആവശ്യപ്പെടാന്‍ യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്.

നവംബറില്‍ നടക്കുന്ന കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പില്‍ ചവറയില്‍ ഷിബു ബേബി ജോണിനെ സ്ഥാനാര്‍ഥിയാക്കാന്‍ കഴിഞ്ഞ തവണ മത്സരിച്ച ആര്‍എസ്പി തീരുമാനിച്ചിട്ടുണ്ട്. കുട്ടനാട് സീറ്റ് ജോസഫ് വിഭാഗത്തിന് നല്‍കാനും യുഡിഎഫില്‍ ഏകദേശ ധാരണയായി. ഇക്കാര്യത്തില്‍ അന്തിമ അംഗീകാരം നല്‍കുക മാത്രമായിരിക്കും ഇനി ചൊവ്വാഴ്ചത്തെ യുഡിഎഫ് യോഗത്തിന്റെ നടപടിക്രമം.