Tuesday, April 30, 2024
EntertainmentkeralaNews

തന്റെ ഫോണ്‍ നമ്പര്‍ വിസ്മയ ഒരുപാടു പേരോടു ചോദിച്ചിരുന്നു;വളരെ വൈകിയാണ് ഞാന്‍ അത് അറിഞ്ഞത്  ; സുരേഷ് ഗോപി

തന്റെ ഫോണ്‍ നമ്പര്‍ വിസ്മയ ഒരുപാടു പേരോടു ചോദിച്ചിരുന്നതായി നടനും എംപിയുമായ സുരേഷ് ഗോപി. ‘വളരെ വൈകിയാണ് ഞാന്‍ അത് അറിഞ്ഞത്. എന്റെ ഫോണ്‍ നമ്പര്‍ തരുമോയെന്നു ചോദിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്കു പോലും വിസ്മയ സന്ദേശമയച്ചിരുന്നതായി ഇപ്പോഴാണ് അറിയുന്നത്.ജീവിക്കാന്‍ അത്രമാത്രം മോഹിച്ചു കാണും. ഒരു പരാതി പറഞ്ഞാല്‍, ഒരുപക്ഷേ ഇവിടെ വന്നു കൂട്ടികൊണ്ടു പോകുമെന്നും വേണമെങ്കില്‍ തടയാന്‍ വരുന്നവനു രണ്ടു തല്ലു കൊടുത്തിട്ടാണെങ്കിലും കൊണ്ടുപോയേക്കുമെന്നും ആ കുട്ടി ആഗ്രഹിച്ചിട്ടുണ്ടാകാം.’ വിസ്മയയുടെ വീട്ടിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നീതിക്കായി കുടുംബത്തിനൊപ്പം ഉണ്ടാകുമെന്നും സുരേഷ് ഗോപി ആവര്‍ത്തിച്ചു. കേരളത്തില്‍ ആവര്‍ത്തിക്കുന്ന ഇത്തരം സ്ത്രീപീഡന വിഷയങ്ങളില്‍ പരിഹാരം കാണാന്‍ ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചുള്ള റിപ്പോര്‍ട്ട് കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹിയില്‍ പോകുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരില്‍ കണ്ട് ഇക്കാര്യം സൂചിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തില്‍ ഓരോ ഗ്രാമങ്ങളിലും ഗ്രാമസഭകള്‍ വേണം. രാഷ്ട്രീയത്തിനപ്പുറം ഏതൊരാള്‍ക്കും വീട്ടിലെ പ്രശ്‌നങ്ങള്‍ പറയാന്‍ കഴിയുന്ന മാതാപിതാക്കളെ അത്തരം സംഘത്തില്‍ ഉള്‍പ്പെടുത്തണം. ഒരു കുട്ടിക്ക് പോലും വിളിച്ച് എന്റെ പ്രശ്‌നം ഇതാണ് എന്ന് പറയാന്‍ സാധിക്കുന്ന വിധം കുറച്ച് മനുഷ്യര്‍ ഓരോ ഗ്രാമത്തിലും വേണം. അവര്‍ വിഷയം മനസിലാക്കി പൊലീസിനോട് ബന്ധപ്പെടണം.’ അദ്ദേഹം പറഞ്ഞു.