Saturday, May 18, 2024
keralaNews

സ്ത്രീകളുടെ സുരക്ഷയ്ക്കായി സര്‍ക്കാര്‍ നല്‍കുന്നത് മികച്ച പിന്തുണ; ഡിജിപി അനില്‍കാന്ത്

തിരുവനന്തപുരം: പോലീസിന്റെ പ്രവര്‍ത്തന മികവാണ് സംസ്ഥാനത്ത് ക്രമസമാധാനം നിലനില്‍ക്കാന്‍ കാരണമെന്ന് ഡിജിപി അനില്‍കാന്ത്. വിടവാങ്ങല്‍ പ്രസംഗത്തില്‍ സര്‍ക്കാരിനെ പ്രശംസിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.           സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷയ്ക്ക് സര്‍ക്കാര്‍ നല്‍കുന്നത് മികച്ച പിന്തുണയാണെന്നും പ്രസംഗത്തില്‍ അനില്‍കാന്ത് പറഞ്ഞു. ലഹരി തടയാന്‍ എല്ലാവരും ഒറ്റക്കെട്ടായി പരിശ്രമിക്കണമെന്നും അനില്‍കാന്ത് സഹപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. സുരക്ഷ ഉറപ്പുവരുത്തുന്നതിനൊപ്പം മറ്റ് മേഖലകളിലും പോലീസ് മാതൃകയാകണം. ആരോഗ്യമുള്ള ശരീരം സംരക്ഷിക്കാന്‍ ശ്രമിക്കണം. സഹപ്രവര്‍ത്തകര്‍ക്കും കേരലത്തിനും നന്ദി അറിയിക്കുന്നതായും അനില്‍കാന്ത് പറഞ്ഞു.കേരളത്തിലെ പോലീസ് മേധാവിയാകുന്ന ദളിത് വിഭാഗത്തില്‍ നിന്നുള്ള ആദ്യയാളാണ് അനില്‍കാന്ത്. 1988 ബാച്ചില്‍ ഇന്ത്യന്‍ പോലീസ് സര്‍വ്വീസില്‍ കേരളാ കേഡറില്‍ പ്രവേശിച്ചതോടെയാണ് അനില്‍കാന്തിന്റെ ഒദ്യോഗിക ജീവിതം ആരംഭിച്ചത്. എ.എസ്.പി ആയി വയനാട്ടില്‍ സര്‍വ്വീസ് ആരംഭിച്ചു. പിന്നീട് തിരുവനന്തപുരം റൂറല്‍, റെയില്‍വേ എന്നിവിടങ്ങളില്‍ എസ്.പിയായി പ്രവര്‍ത്തിച്ചു. ന്യൂഡല്‍ഹി, ഷില്ലോങ് എന്നിവിടങ്ങളില്‍ ഇന്റലിജന്‍സ് ബ്യൂറോയില്‍ അസിസ്റ്റന്റ് ഡയറക്ടര്‍. മടങ്ങിയെത്തിയശേഷം പോലീസ് ട്രെയിനിംഗ് കോളേജില്‍ പ്രിന്‍സിപ്പലായി.              തുടര്‍ന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണറായും മലപ്പുറം, എറണാകുളം ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ എസ്.പിയായും ജോലി ചെയ്തു. സ്പെഷ്യല്‍ ബ്രാഞ്ച്, തിരുവനന്തപുരം റേഞ്ച് എന്നിവിടങ്ങളില്‍ ഡിഐജി. സ്പെഷ്യല്‍ ബ്രാഞ്ച്, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ ഐജി ആയും ജോലി നോക്കി. ഇടക്കാലത്ത് അഡിഷണല്‍ എക്സൈസ് കമ്മീഷണറായും അവസരം. പിന്നീട് എഡിജിപി ആയി സ്ഥാനക്കയറ്റം ലഭിച്ചശേഷം കേരള പോലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ ആയിരുന്നു. സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ എഡിജിപി ആയും പ്രവര്‍ത്തിച്ചു. വിശിഷ്ടസേവനത്തിനും സ്തുത്യര്‍ഹസേവനത്തിനുമുളള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ലഭിച്ചിട്ടുണ്ട്. 64-മത് ആള്‍ ഇന്ത്യ പോലീസ് ഗെയിംസ് വിജയകരമായി സംഘടിപ്പിച്ചതിന് കമന്റേഷനും 2018 ല്‍ ബാഡ്ജ് ഓഫ് ഓണറും ലഭിച്ചു. തിരക്കുകള്‍ക്കിടയിലും മുടങ്ങാതെയുള്ള രാവിലത്തെ ഓട്ടവും പലപ്പോഴും അനില്‍കാന്തിനെ വാര്‍ത്താതാരമാക്കി. സംസ്ഥാനത്തെ വിവിധ മാരത്തോണുകളിലും ഇദ്ദേഹം പങ്കാളിയായിട്ടുണ്ട്.