Monday, May 13, 2024
indiaNewsSportsworld

ടോക്കിയോ ഒളിമ്പിക്സ്; ഇന്ത്യന്‍ പതാകയേന്തി മന്‍പ്രീത് സിംഗും, മേരി കോമും

ഇന്ത്യ കാത്തിരുന്ന ആ അസുലഭ മുഹൂര്‍ത്തം വന്നെത്തി. ടോക്കിയോ ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങ് ആരംഭിച്ചു. വിവിധ രാജ്യങ്ങളുടെ മാര്‍ച്ച് പാസ്റ്റ് തുടങ്ങി. ഇന്ത്യന്‍ സംഘത്തിന്റെ മാര്‍ച്ച് പാസ്റ്റില്‍ വനിതാ ബോക്സിംഗ് ഇതിഹാസം മേരി കോമും ഹോക്കി ടീം ക്യാപ്റ്റന്‍ മന്‍പ്രീത് സിംഗുമാണ് ഇന്ത്യന്‍ പതാകയേന്തിയത്. ആദ്യം പതാകയേന്തി രംഗത്ത് വന്നത് ഗ്രീസാണ്.

ഒളിമ്പിക്സിന്റെ ആവിര്‍ഭാവം കുറിച്ച രാജ്യം എന്ന നിലയിലാണ് ആദ്യം തന്നെ ഗ്രീസ് താരങ്ങള്‍ മാര്‍ച് പാസ്റ്റ് നടത്തിയത്. കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും വര്‍ണാഭമായ തുടക്കമാണ് ടോക്കിയോ ഒളിമ്പിക്സിന് ഉണ്ടായത്. ഇന്ത്യന്‍ സമയം വൈകിട്ട് 4.30ഓടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. മാര്‍ച്ച് പാസ്റ്റിന് ശേഷമാണ് ഉദ്ഘാടനചടങ്ങ്. ഇതില്‍ ലേസര്‍ ഷോ, സംഗീത നിശ, പരമ്ബരാഗത നൃത്തം എന്നീ കലാരൂപങ്ങള്‍ മാറ്റുകൂട്ടും. ഓഗസ്റ്റ് 8നാണ് ഒളിമ്ബിക്‌സ് സമാപിക്കുക. ശക്തമായ 228 അംഗ സംഘമാണ് ഇത്തവണ ഇന്ത്യയെ പ്രതിനിധീകരിച്ച് ഒളിമ്ബിക്‌സിന് പങ്കെടുക്കുന്നത്. ഇതില്‍ 119 പേര്‍ അത്ലറ്റുകളാണ്. എന്നാല്‍ 48 പേര്‍ മാത്രമാകും ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുക. വനിതാ ബോക്‌സര്‍ മേരി കോമും ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്ടന്‍ മന്‍പ്രീത് സിംഗുമായിരിക്കും ഇന്ത്യയുടെ പതാക വഹിക്കുക.

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ നേരത്തെ നല്‍കിയിരുന്ന താരങ്ങളുടെ ലിസ്റ്റില്‍ 50 പേരുണ്ടായിരുന്നുവെങ്കിലും ടേബിള്‍ ടെന്നിസ് താരങ്ങളായ മനിക ബത്രയും അജന്ത ശരത്കമാലും മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുക്കില്ലെന്ന് അധികൃതര്‍ പറഞ്ഞു. ഇരുവര്‍ക്കും നാളെ മിക്‌സഡ് ഡബിള്‍സില്‍ ആദ്യ റൗണ്ട് മത്സരം ഉണ്ടെന്നതിനാലാണ് ഇരുവരും മാര്‍ച്ച് പാസ്റ്റില്‍ നിന്ന് ഒഴിവായത്. ഇന്ന് നടന്ന അമമ്പെയ്ത്ത് വ്യക്തിഗത റാങ്കിംഗില്‍ ഇന്ത്യന്‍ താരങ്ങള്‍ നിരാശപ്പെടുത്തി. മെഡല്‍ പ്രതീക്ഷയായ വനിതാ താരം ദീപികാ കുമാരി ഒന്‍പതാം സ്ഥാനത്തും പുരുഷവിഭാഗത്തില്‍ പ്രവീണ്‍ യാദവ് 31ഉം അതാണു ദാസ് 35ഉം തരുണ്‍ദീപ് റായ് 35ഉം സ്ഥാനങ്ങളില്‍ മത്സരം പൂര്‍ത്തിയാക്കി.