Friday, May 17, 2024
keralaNews

ഗൂഢാലോചനക്കേസിലെ പ്രതികള്‍ക്കെതിരെ നടന്‍ ദിലീപിന്റെ മുന്‍ ജീവനക്കാരന്‍ മൊഴി നല്‍കി

കൊച്ചി :അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ വധ ഗൂഢാലോചനക്കേസിലെ പ്രതികള്‍ക്കെതിരെ നടന്‍ ദിലീപിന്റെ മുന്‍ ജീവനക്കാരന്‍ ദാസന്‍ എന്നയാള്‍ മൊഴി നല്‍കിയെന്ന് ക്രൈംബ്രാഞ്ച്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യമുള്ളത്. നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനി പുറത്തിറങ്ങിയാല്‍ കാണിച്ചു കൊടുക്കാമെന്ന് ദിലീപിന്റെ സഹോദരന്‍ അനൂപ് ഫോണില്‍ പറയുന്നതു കേട്ടു എന്നാണ് മൊഴി. ഇക്കാര്യം സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഫോണില്‍ വിളിച്ചപ്പോള്‍ പറഞ്ഞിരുന്നതായും മൊഴിയിലുണ്ട്.ബാലചന്ദ്രകുമാര്‍ ദിലീപിനെതിരെ ആരോപണവുമായി രംഗത്ത് എത്തിയതിനു പിന്നാലെ അനൂപും സുരാജും തന്നെ ബന്ധപ്പെട്ടിരുന്നു. ബാലചന്ദ്രകുമാറിനോട് ഒന്നും പറഞ്ഞിട്ടില്ല എന്നു മൊഴി നല്‍കണമെന്നു ദിലീപിന്റെ അഭിഭാഷകര്‍ തന്നോട് ആവശ്യപ്പെട്ടു എന്നും ക്രൈംബ്രാഞ്ചിനോടു വെളിപ്പെടുത്തി.2007 മുതല്‍ 2020 വരെ നടന്‍ ദിലീപിന്റെ വീട്ടില്‍ വാച്ച്മാനായി ജോലി ചെയ്തിരുന്ന ആളാണ് ദാസന്‍. ഇപ്പോള്‍ ചേര്‍ത്തല പട്ടണക്കാടാണ് താമസം. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം താന്‍ ദിലീപിന്റെ വീട്ടിലെ ജോലി ഉപേക്ഷിക്കുകയായിരുന്നെന്നും ഇയാള്‍ മൊഴിയില്‍ പറയുന്നു.