Saturday, April 27, 2024
NewsSportsworld

ടി20 ലോകകപ്പ് ഓസീസിന് കന്നിക്കിരീടം

ദുബായ്: ടി20 ലോകകപ്പില്‍ ടീമിന്റെ കന്നിക്കിരീടം ചൂടി ആരോണ്‍ ഫിഞ്ചിന്റെ ഓസ്ട്രേലിയ .ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്സ്വെല്‍ ത്രിമൂര്‍ത്തികളുടെ വെടിക്കെട്ടില്‍.ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം വേദിയായ ടി20 ലോകകപ്പ് ഫൈനലില്‍ അയല്‍ക്കാരായ ന്യൂസിലന്‍ഡിന്റെ സ്വപ്നങ്ങള്‍ എട്ട് വിക്കറ്റിന് അരിഞ്ഞുവീഴ്ത്തിയാണ് ഓസ്ട്രേലിയ കുട്ടിക്രിക്കറ്റിന്റെ രാജാക്കന്‍മാരായത്. 173 റണ്‍സിന്റെ വമ്പന്‍ വിജയലക്ഷ്യം മൂവര്‍സംഘത്തിന്റെ സംഹാരതാണ്ഡവത്തില്‍ ഓസീസ് രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഏഴ് പന്ത് ബാക്കിനില്‍ക്കേ നേടുകയായിരുന്നു.സ്‌കോര്‍: ന്യൂസിലന്‍ഡ്- 172-4 (20 Ov), ഓസ്‌‌ട്രേലിയ 173-2 (18.5 Ov). ഓസീസ് ബോളര്‍മാരില്‍ വില്യംസന്റേത് ഉള്‍പ്പെടെ മൂന്നു വിക്കറ്റ് പിഴുത ജോഷ് ഹെയ്‌സല്‍വുഡിന്റെ പ്രകടനവും ശ്രദ്ധേയമായി. നാല് ഓവര്‍ ബോള്‍ ചെയ്ത ഹെയ്‌സല്‍വുഡ് 16 റണ്‍സ് മാത്രം വഴങ്ങിയാണ് മൂന്നു വിക്കറ്റ് പിഴുത്തത്. കൂറ്റന്‍ സ്‌കോറിലേക്ക് നീങ്ങിക്കൊണ്ടിരുന്ന കിവീസിനെ 17ാം ഓവറില്‍ ഗ്ലെന്‍ ഫിലിപ്‌സ്, വില്യംസന്‍ എന്നിവരെ പുറത്താക്കി ഹെയ്‌സല്‍വുഡാണ് പിടിച്ചുകെട്ടിയത്.

ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്ടില്‍ (35 പന്തില്‍ 28), ഡാരില്‍ മിച്ചല്‍ (എട്ടു പന്തില്‍ 11), ഗ്ലെന്‍ ഫിലിപ്‌സ് (17 പന്തില്‍ 18) എന്നിവരാണ് കിവീസ് നിരയില്‍ പുറത്തായ മറ്റുള്ളവര്‍. ജിമ്മി നീഷം ഏഴു പന്തില്‍ 13 റണ്‍സോടെയും ടിം സീഫര്‍ട്ട് ആറു പന്തില്‍ എട്ടു റണ്‍സോടെയും പുറത്താകാതെ നിന്നു. പിരിയാത്ത അഞ്ചാം വിക്കറ്റില്‍ ഇരുവരും കൂട്ടിച്ചേര്‍ത്തത് 13 പന്തില്‍ 24 റണ്‍സ്. മൂന്നാം വിക്കറ്റില്‍ 37 പന്തില്‍നിന്ന് 68 റണ്‍സ് കൂട്ടിച്ചേര്‍ത്ത വില്യംസന്‍ ഫിലിപ്‌സ് സഖ്യമാണ് കിവീസ് ഇന്നിങ്‌സിന്റെ നട്ടെല്ലായത്.