Thursday, April 25, 2024
keralaNews

ശബരിമലയില്‍ ദര്‍ശനത്തിന് വരുന്ന തീര്‍ഥാടകരുടെ എണ്ണം 90,000 ആയി കുറച്ചു.

തിരുവനന്തപുരം :ശബരിമലയിലെ അനിയന്ത്രിതമായ തിരക്ക് കുറയ്ക്കാന്‍ ദര്‍ശനത്തിന് വരുന്ന തീര്‍ഥാടകരുടെ എണ്ണം 90,000 ആയി കുറച്ചു.മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.ഒരു ലക്ഷത്തിലേറെ പേര്‍ ദര്‍ശനത്തിന് എത്തിയാല്‍ തിരക്ക് നിയന്ത്രിക്കാന്‍ സാധിക്കില്ലെന്ന് പൊലീസ് നിര്‍ദേശം പരിഗണിച്ചാണ് പ്രതിദിന ദര്‍ശനംനടത്തുന്നതിന് നിയന്ത്രണം എര്‍പ്പെടുത്തിയത്. ദര്‍ശന സമയം ഒരു മണിക്കൂര്‍ കൂടി വര്‍ധിപ്പിച്ചു. നിലയ്ക്കലില്‍ പാര്‍ക്കിങ്ങിന് കൂടുതല്‍ സൗകര്യം ഒരുക്കും. ദേവസ്വം മന്ത്രി കൂടി പങ്കെടുത്ത് ആഴ്ച തോറും ഉന്നതതല യോഗം ചേരും. തിരക്കുള്ള ദിവസങ്ങളില്‍ വെളുപ്പിന് 3 മുതല്‍ 1.30 വരെയും വൈകിട്ട് മൂന്ന് മുതല്‍ 11.30 വരെയും ആയിരിക്കും ദര്‍ശനം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ സയമക്രമമാണ് നടപ്പാക്കുന്നത്.

പുതിയ പരിഷ്‌ക്കാരം നടപ്പിലാക്കുന്നതോടെ 19 മണിക്കൂര്‍ ദര്‍ശനത്തിന് സൗകര്യം ലഭിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.അനന്തഗോപന്‍ പറഞ്ഞു. അഷ്ടാഭിഷേകത്തിന്റെയും പുഷ്പാഭിഷേകത്തിന്റെയും എണ്ണം നിയന്ത്രിക്കും. ഈ പൂജകള്‍ക്ക് ബുക്ക് ചെയ്തവര്‍ക്ക് സന്നിധാനത്തു നില്‍ക്കാനുള്ള അവസരം ഒരുക്കും. ഭക്ത ജനങ്ങള്‍ക്ക് വെള്ളവും ബിസ്‌ക്കറ്റും നല്‍കാന്‍ ശരംകുത്തിയില്‍ കൂടുതല്‍ സന്നദ്ധ പ്രവര്‍ത്തകരെ നിയോഗിക്കും. നിലയ്ക്കലിലെ പാര്‍ക്കിങ് സൗകര്യം മെച്ചപ്പെടുത്തും. 12000 വാഹനങ്ങള്‍ ഇപ്പോള്‍ പാര്‍ക്ക് ചെയ്യാം. വെര്‍ച്ച്വല്‍ ക്യൂവില്‍ 1,20000പേരാണ് പ്രതിദിനം ബുക്ക് ചെയ്യുന്നത്. എന്നാല്‍, ബുക്ക് ചെയ്യുന്ന എല്ലാവരും വരാറില്ല. അനുഭവ സമ്പത്തുള്ള പൊലീസുകാരെ പതിനെട്ടാം പടിയില്‍ നിയോഗിക്കും. ആര്‍ക്കും ദര്‍ശനം നിഷേധിക്കില്ലെന്നും അനന്തഗോപന്‍ പറഞ്ഞു.