Thursday, May 2, 2024
GulfNewsSports

ടി20 ലോകകപ്പ് ഇന്ത്യക്ക് ദീപാവലി മധുരം അനിവാര്യമായ ജയവും

അബുദാബി: ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനോടും രണ്ടാം മത്സരത്തില്‍ ന്യൂസിലന്‍ഡിനോടും തോറ്റ ഇന്ത്യയുടെ ആദ്യ ജയം. ലോകകപ്പില്‍ കൂറ്റന്‍ ജയം അനിവാര്യമായ സൂപ്പര്‍12 പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാനെ 66 റണ്‍സിന് കീഴടക്കി ഇന്ത്യ സെമിലേക്കുള്ള നേരിയ സാധ്യത നിലനിര്‍ത്തി. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 211 റണ്‍സിന്റെ ഹിമാലയന്‍ ലക്ഷ്യം തേടിയിറങ്ങിയ അഫ്ഗാന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 22 പന്തില്‍ 42 റണ്‍സെടുത്ത കരീം ജന്നത് ആണ് അഫ്ഗാന്റെ ടോപ് സ്‌കോറര്‍. ഇന്ത്യക്കായി മുഹമ്മദ് ഷമി മൂന്നും അശ്വിന്‍ രണ്ടും വിക്കറ്റെടുത്തു. 66 റണ്‍സിന്റെ കൂറ്റന്‍ ജയത്തോടെ നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്താനും ഇന്ത്യക്കായി. സ്‌കോര്‍ ഇന്ത്യ 20 ഓവറില്‍ 210-2. അഫ്ഗാനിസ്ഥാന്‍ 20 ഓവറില്‍ 144-7.

കൂറ്റന്‍ ലക്ഷ്യം തേടിയിറങ്ങിയ അഫ്ഗാന്‍ ബാറ്റര്‍മാരെ ഇന്ത്യന്‍ ബൗളര്‍മാര്‍ തുടക്കത്തിലെ വരിഞ്ഞുമുറുക്കി.മൂന്നാം ഓവറില്‍ വമ്പനടിക്കാരനായ മുഹമ്മദ് ഷെഹ്‌സാദിനെ(0) റണ്ണെടുക്കും മുമ്പെ മടക്കി മുഹമ്മദ് ഷമി ഇന്ത്യക്ക് ആദ്യവിക്കറ്റ് സമ്മാനിച്ചു. നാലാം ഓവറില്‍ ഹസ്രത്തുള്ള സാസായിയെ(13) വീഴ്ത്തിയ ജസ്പ്രീത് ബുമ്ര ഇന്ത്യക്ക് ആശിച്ച തുടക്കം നല്‍കി. റഹ്‌മത്തുള്ള ഗുര്‍ബാസും(19), ഗുല്‍ബാദിന്‍ നൈബും(18) നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന് വേഗമില്ലായിരുന്നു. ടീം സ്‌കോര്‍ 50 കടക്കും മുമ്പെ ഗുര്‍ബാസിനെ ഹര്‍ദിക് പാണ്ഡ്യയുടെ കൈകകളിലെത്തിച്ച് ജഡേജ അഫ്ഗാന് മൂന്നാം പ്രഹരമേല്‍പ്പിച്ചു.

ഇതുവരെ കരക്കിരുന്ന് കളി കണ്ട അശ്വിന്റേതായിരുന്നു അടുത്ത ഊഴം. അഫ്ഗാന്‍ മധ്യനിരയിലെ നൈബിനെയും(18), നജീബുള്ള സര്‍ദ്രാനെയും(11) അശ്വിന്‍ വീഴ്ത്തിയതോടെ അഫ്ഗാന്‍ വാലറ്റത്തേക്ക് ചുരുങ്ങി. പിന്നീട് ക്യാപ്റ്റന്‍ മുഹമ്മദ് നബിയും(32 പന്തില്‍ 35) കരീം ജന്നത്തും(22 പന്തില്‍ 42*) നടത്തിയ ചെറിയ വെടിക്കെട്ട് അഫ്ഗാനെ 100 കടത്തിയതിനൊപ്പം തോല്‍വി ഭാരം കുറക്കുകയും ചെയ്തു. ഇന്ത്യക്കായി മുഹമ്മദ് ഷമി നാലോവറില്‍ 32 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ അശ്വിന്‍ നാലോവറില്‍ 14 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. ബുമ്ര നാലോവറില്‍ 25 റണ്‍സിനും ജഡേജ മൂന്നോവറില്‍ 19 റണ്‍സിനും ഓരോ വിക്കറ്റെടുത്തു. രണ്ടോവര്‍ പന്തെറിഞ്ഞ ഹര്‍ദിക് പാണ്ഡ്യ 23 റണ്‍സ് വഴങ്ങിയപ്പോള്‍ ഷര്‍ദ്ദുല്‍ ഠാക്കൂര്‍ മൂന്നോവറില്‍ 31 റണ്‍സ് വിട്ടുകൊടുത്തു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രോഹിത് ശര്‍മ്മ-കെ എല്‍ രാഹുല്‍  ഓപ്പണിംഗ് കൂട്ടുകെട്ടിന്റെ കരുത്തിലും ഹര്‍ദിക് പാണ്ഡ്യ-റിഷഭ് പന്ത്  ഫിനിഷിംഗിലുമാണ് 20 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 210 റണ്‍സ് നേടിയത്. രോഹിത്തും രാഹുലും ഓപ്പണിംഗ് വിക്കറ്റില്‍ 140 റണ്‍സ് ചേര്‍ത്തപ്പോള്‍ പാണ്ഡ്യയും റിഷഭും മൂന്നാം വിക്കറ്റില്‍ പുറത്താകാതെ 63 റണ്‍സ് നേടി.                                     തകര്‍പ്പനടികളുമായി മുന്നേറിയിരുന്ന രാഹുലിനും പിന്നാലെ അഫ്ഗാന്റെ പിടിവീണു. 17-ാം ഓവറില്‍ ഗുല്‍ബാദിന്‍ രാഹുലിനെ ബൗള്‍ഡാക്കി. രാഹുല്‍ 48 പന്തില്‍ ആറ് ഫോറും രണ്ട് സിക്സറും ഉള്‍പ്പടെ 69 റണ്‍സ് നേടി. പിന്നീട് സിക്സര്‍ പൂരവുമായി ഇന്ത്യയെ 200 കടത്തുകയായിരുന്നു ഹര്‍ദിക് പാണ്ഡ്യയും റിഷഭ് പന്തും. ഹര്‍ദിക് 13 പന്തില്‍ 35 റണ്‍സും റിഷഭ് 13 പന്തില്‍ 27 റണ്‍സുമായി പുറത്താകാതെ നിന്നു.                                                                                                                                                  ഓപ്പണര്‍ സ്ഥാനത്ത് മടങ്ങിയെത്തിയ ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മ തിരിച്ചുവരവ് ആഘോഷമാക്കി. അഞ്ചാം ഓവറില്‍ 50 റണ്‍സ് പിന്നിട്ട രോഹിത്-രാഹുല്‍ സഖ്യം പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്ടമില്ലാതെ 53 റണ്‍സ് ചേര്‍ത്തു. 10 ഓവറില്‍ സ്‌കോര്‍ 85. പിന്നാലെ രോഹിത് 37 പന്തില്‍ അന്താരാഷ്ട്ര ടി20യില്‍ തന്റെ 23-ാം അര്‍ധ സെഞ്ചുറി തികച്ചു. രാഹുല്‍ 35 പന്തിലും അമ്പതിലെത്തി. ഫിഫ്റ്റിക്ക് പിന്നാലെ ഇരുവരും റാഷിദ് ഖാന്‍ ഉള്‍പ്പടെയുള്ള ബൗളര്‍മാരെ കടന്നാക്രമിച്ചതോടെ ഇന്ത്യന്‍ സ്‌കോര്‍ കുതിച്ചു. 15-ാം ഓവറില്‍ ജനതാണ് ഈ കൂട്ടുകെട്ട് പൊളിക്കുന്നത്. 47 പന്തില്‍ എട്ട് ഫോറും മൂന്ന് സിക്സറും സഹിതം 74 റണ്‍സെടുത്ത ഹിറ്റ്മാന്‍ നബിയുടെ കൈകളിലെത്തി.