Tuesday, May 14, 2024
keralaNewsObituary

ഗവര്‍ണറുടെ വിവേചനാധികാരം ഇടുങ്ങിയതാണ് : മുഖ്യമന്ത്രി

തിരുവനന്തപുരം: ആരും ആരെയും വിമര്‍ശിക്കാന്‍ പാടില്ലെന്ന നിലപാട് സ്വീകരിക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
വിമര്‍ശനത്തിനും സ്വയം വിമര്‍ശനത്തിനും അഭിപ്രായ പ്രകടനത്തിനുമെല്ലാം സ്വാതന്ത്ര്യം നല്‍കുന്നതാണ് നമ്മുടെ ഭരണഘടന. ഫെഡറല്‍ തത്വങ്ങള്‍ പിന്തുടരുന്നതാണ് നമ്മുടെ രാജ്യം. ഇവിടെ നിലനില്‍ക്കുന്നത് പാര്‍ലമെന്ററി ജനാധിപത്യമാണ്. ഗവര്‍ണര്‍ പദവിയുടെ കടമയും കര്‍ത്തവ്യവും എന്തെല്ലാമാണെന്ന് ഈ സംവിധാനത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. അതുപോലെ മന്ത്രിമാരുടെ കടമകളും ഭരണഘടന വ്യക്തമാക്കുന്നു.           കോടതി വിധികളിലൂടെ അവയ്ക്കെല്ലാം കൂടുതല്‍ വ്യക്തത പിന്നീട് വരുത്തിയിട്ടുമുണ്ടെന്ന് പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. വിദേശയാത്രയെക്കുറിച്ച് വിശദീകരിക്കാന്‍ വാര്‍ത്താസമ്മേളനത്തിന് എത്തിയ മുഖ്യമന്ത്രി, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മറുപടിയുമായി നേരത്തെ തയ്യാറാക്കിക്കൊണ്ടുവന്ന മറുപടിയായിരുന്നു ഗവര്‍ണര്‍ വിഷയത്തിലുള്ള നിലപാടായി മാദ്ധ്യമങ്ങളോട് വിശദീകരിച്ചത്. ഗവര്‍ണര്‍ പറഞ്ഞ കാര്യങ്ങള്‍ സാധുവായതല്ലെന്നും സാധുവാകുകയില്ലെന്നും ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി ഗവര്‍ണര്‍ സ്വയമേവ തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയുടെ ഉപദേശവും സഹായവും സ്വീകരിച്ച് പ്രവര്‍ത്തിക്കുകയെന്നതാണ് ഗവര്‍ണറുടെ പൊതുവായ ഉത്തരവാദിത്വം. ഗവര്‍ണറുടെ വിവേചനാധികാരങ്ങള്‍ വളരെ ഇടുങ്ങിയതാണെന്നാണ് ഡോ. അംബേദ്കര്‍ തന്നെ പറഞ്ഞിരിക്കുന്നത്. മുഖ്യമന്ത്രിയാണ് മന്ത്രിമാരെ നിശ്ചയിക്കുന്നത്. മന്ത്രമാര്‍ രാജി സമര്‍പ്പിക്കേണ്ടത് മുഖ്യമന്ത്രിക്കാണ്. അത് ഗവര്‍ണര്‍ക്ക് കൈമാറുന്നതും മുഖ്യമന്ത്രി തന്നെ. ഗവര്‍ണര്‍ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണെന്നും ഇതെല്ലാം ഭരണഘടനയിലുണ്ടെന്നും പിണറായി വിജയന്‍ മറുപടി നല്‍കി.