Thursday, May 2, 2024
indiaNews

ജ്ഞാന്‍വാപി മസ്ജിദ് ക്ഷേത്രം നിലനിന്നിരുന്നു; ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെ റിപ്പോര്‍ട്ട്

ഡല്‍ഹി: വാരണാസിയിലെ ജ്ഞാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ടുള്ള നിര്‍ണായക റിപ്പോര്‍ട്ട് പുറത്ത്. മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഹിന്ദുക്ഷേത്രം നിലനിന്നിരുന്നുവെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ(എഎസ്‌ഐ) വ്യക്തമാക്കി. വിശദമായ സര്‍വേ റിപ്പോര്‍ട്ട് ലഭിച്ചതിന് പിന്നാലെ കേസില്‍ ഹിന്ദു പക്ഷത്തെ പ്രതിനിധീകരിക്കുന്ന അഭിഭാഷകന്‍ വിഷ്ണു ശങ്കര്‍ ജെയിനാണ് ഇക്കാര്യം മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട കക്ഷികള്‍ വ്യാഴാഴ്ച കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു.  ‘ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ അഭിപ്രായത്തില്‍, നിലവിലുള്ള കെട്ടിടം നിര്‍മ്മിക്കുന്നതിന് മുമ്പ് ഒരു വലിയ ഹിന്ദു ക്ഷേത്രം ഉണ്ടായിരുന്നുവെന്ന് പറയാനാകും. ഇത് എഎസ്ഐയുടെ നിര്‍ണായക കണ്ടെത്തലാണ്. മസ്ജിദിന്റെ പടിഞ്ഞാറന്‍ മതില്‍ ഹിന്ദു ക്ഷേത്രത്തിന്റെ ഭാഗമാണ്. ക്ഷേത്ര തൂണുകളിലെ ചിഹ്നങ്ങള്‍ മായ്ക്കാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. മാത്രമല്ല, ദേവനാഗരി, തെലുങ്ക്, കന്നഡ, മറ്റ് ലിപികളില്‍ ലിഖിതങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്”- അഭിഭാഷകന്‍ വിഷ്ണു ശങ്കര്‍ ജെയിന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂലൈ 21 ന് പുറപ്പെടുവിച്ച ജില്ലാ കോടതിയുടെ ഉത്തരവിനെത്തുടര്‍ന്ന്, മസ്ജിദ് ഒരു ഹിന്ദു ക്ഷേത്രത്തിന്റെ മുന്‍ ഘടനയില്‍ നിര്‍മ്മിച്ചതാണോ എന്ന് നിര്‍ണ്ണയിക്കാന്‍ ജ്ഞാന്‍വാപി പരിസരത്ത് എഎസ്‌ഐ ശാസ്ത്രീയ സര്‍വേ നടത്തിയിരുന്നു. പതിനേഴാം നൂറ്റാണ്ടിലെ മസ്ജിദ് മുമ്പ് നിലവിലുണ്ടായിരുന്ന ക്ഷേത്രത്തിന് മുകളില്‍ നിര്‍മ്മിച്ചതാണെന്ന് ഹിന്ദു ഹര്‍ജിക്കാര്‍ അവകാശപ്പെട്ടതിനെ തുടര്‍ന്നാണ് കോടതി സര്‍വേയ്ക്ക് ഉത്തരവിട്ടത്. ഡിസംബര്‍ 18ന് മുദ്രവച്ച കവറില്‍ എഎസ്ഐ സര്‍വേ റിപ്പോര്‍ട്ട് ജില്ലാ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.