Friday, May 17, 2024
keralaNewspolitics

ജനനായകന് രാഹുലും സോണിയയും അന്ത്യോപചോരം അര്‍പ്പിച്ചു.

ദില്ലി : മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിടവാങ്ങലിലൂടെ നഷ്ടമായത് ജനകീയ അടിത്തറയുള്ള നേതാവിനെയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വിശാല പ്രതിപക്ഷ യോഗത്തിനായി ബംഗ്ലൂരുവിലുള്ള രാഹുല്‍, ബംഗ്ലൂരുവില്‍ ഉമ്മന്‍ചാണ്ടിയുടെ ഭൗതിക ശരീരം പൊതു ദര്‍ശനത്തിന് വെച്ച കോണ്‍ഗ്രസ് നേതാവ് ടി.എസ് ജോണിന്റെ വീട്ടിലെത്തി അന്ത്യോപചോരം അര്‍പ്പിച്ചു. സോണിയ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കമുള്ള നേതാക്കളും രാഹുലിനൊപ്പം നേരിട്ടെത്തി അനുശോചനം അറിയിച്ചു.വിതുമ്പിയ ഭാര്യ മറിയാമ്മയെയും മകളെയും രാഹുല്‍ ചേര്‍ത്തുപിടിച്ചാശ്വസിപ്പിച്ചു.

ഉമ്മന്‍ചാണ്ടിയുടെ വിയോഗം ഉള്‍കൊള്ളാനാകാതെ വിതുമ്പുകയാണ് രാഷ്ട്രീയ കേരളം. വ്യക്തി ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമെന്നായിരുന്നു മുന്‍ മുഖ്യമന്ത്രി എകെ ആന്റണിയുടെ പ്രതികരണം. കേരളം കണ്ട ഏറ്റവും ജനകീയനായ നേതാവാണ് ഉമ്മന്‍ചാണ്ടി. ഊണിലും ഉറക്കത്തിലും ജനങ്ങളെ സഹായിക്കുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. സഹായം തേടിവരുന്ന ആരെയും അദ്ദേഹം നിരാശരാക്കിയില്ല. കേരളത്തിലെ വികസനത്തിന് ഏറ്റവും കൂടുതല്‍ സംഭാവന ചെയ്ത ഭരണാധികാരിയായിരുന്നു അദ്ദേഹം. ഞങ്ങള്‍ക്കിടയില്‍ രഹസ്യങ്ങള്‍ ഉണ്ടായിരുന്നില്ല. ഹൃദയം കൊണ്ട് സംസാരിച്ചിരുന്ന സുഹൃത്തായിരുന്നു ഉമ്മന്‍ചാണ്ടി. എന്റെ ഏറ്റവും വലിയ സ്വകാര്യ ദുഃഖമാണ് ഉമ്മന്‍ചാണ്ടിയുടെ മരണമെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.