Saturday, May 4, 2024
keralaNews

ചോദ്യം ചെയ്യല്‍ ; ആരോഗ്യസ്ഥിതി പരിഗണിക്കുന്നില്ല ശിവശങ്കര്‍ കോടതിയില്‍ പറഞ്ഞു.

ആരോഗ്യാവസ്ഥ പരിഗണിക്കാതെ പുലര്‍ച്ചെ ഒരുമണി വരെ തന്നെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തതായി ശിവശങ്കര്‍ കോടതിയില്‍. ഇന്നു പുലര്‍ച്ചെ വീണ്ടും വിളിച്ച് എഴുന്നേല്‍പ്പിച്ചു. തുടര്‍ച്ചയായി ഇരിക്കുന്നത് തന്റെ ആരോഗ്യത്തെ ബാധിക്കുന്നതായും ശിവശങ്കര്‍ പറഞ്ഞു. ഇന്നലെ അറസ്റ്റിലായ ശിവശങ്കറിനെ ഇന്ന് 11 മണിയോടെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയപ്പോളായിരുന്നു അദ്ദേഹം ഇക്കാര്യങ്ങള്‍ കോടതിയെ അറിയിച്ചത്.കോടതി അവധിയായതിനാല്‍ ജഡ്ജി പ്രത്യേക സിറ്റിംഗ് നടത്തുകയായിരുന്നു. പ്രത്യേകിച്ച് ആരോഗ്യപ്രശ്‌നങ്ങള്‍ ശിവശങ്കറിന് ഇല്ലെന്നും കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണെന്നുമായിരുന്നു റിപ്പോര്‍ട്ട്. കേസില്‍ അഞ്ചാം പ്രതിയായ ശിവശങ്കര്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് ഇഡി കോടതിയെ അറിയിച്ചു. രണ്ടാഴ്ചത്തെ കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. അതേസമയം ഇഡി ഉദ്യോഗസ്ഥര്‍ തന്നെ കസ്റ്റഡിയില്‍ പീഡിപ്പിക്കുകയാണെന്നാണ് ശിവശങ്കര്‍ കോടതിയെ അറിയിച്ചത്.

തനിക്കു കടുത്ത നടുവേദന ഉണ്ട്. അതു ഗൗനിക്കാതെ തുടര്‍ച്ചയായി ചോദ്യം ചെയ്യുകയാണ്. ആയുര്‍വേദ ചികിത്സയിക്കിടെയാണ് കസ്റ്റഡിയില്‍ എടുത്തത്. പതിനാലു ദിവസത്തെ ചികിത്സയായിരുന്നു. അത് പൂര്‍ത്തിയാക്കാന്‍ അനുവദിച്ചില്ല. തുടര്‍ച്ചയായി ഇരിക്കുമ്പോള്‍ കടുത്ത നടുവേദനയുണ്ട്. എന്നാല്‍ ഉദ്യോഗസ്ഥര്‍ അത് പരിഗണിക്കുന്നില്ല. ചോദ്യം ചെയ്യലിനിടെ അവര്‍ ഇടയ്ക്കിടെ ഫോണ്‍ ചെയ്യാനായി പുറത്തുപോവുന്നു. ആരോടൊക്കെയോ സംസാരിച്ച ശേഷം വീണ്ടും വന്ന ചോദ്യം ചെയ്യുന്നു. ഇതു മൂലം തനിക്ക് ഏറെ നേരം ഇരിക്കേണ്ടിവരുന്നു എന്നും അദ്ദേഹം പറഞ്ഞു.ഇത് പരിഗണിച്ച കോടതി ചോദ്യം ചെയ്യലിനിടെ ശിവശങ്കറിന് വിശ്രമം അനുവദിക്കണമെന്ന് നിര്‍ദേശിച്ചു. ആവശ്യമെങ്കില്‍ ആയുര്‍വേദ ചികിത്സ ഉറപ്പാക്കണം. ഒന്‍പതു മണി മുതല്‍ ആറു മണി വരെയേ ചോദ്യം ചെയ്യാവൂ. മൂന്നു മണിക്കൂര്‍ ചോദ്യം ചെയ്യുമ്പോള്‍ ഒരു മണിക്കൂര്‍ വിശ്രമം ഉറപ്പാക്കണം. കസ്റ്റഡിയില്‍ ശിവശങ്കറിന് ബന്ധുക്കളെ കാണാനും കോടതി അനുമതി നല്‍കി. ഇഡി കസ്റ്റഡിയില്‍ എത്തിയതിന് ശേഷം ശിവശങ്കര്‍ ഭക്ഷണം കഴിച്ചിട്ടില്ലെന്നാണ് വിവരം. ഭക്ഷണം കഴിക്കാന്‍ പലവട്ടം ആവശ്യപ്പെട്ടെങ്കിലും അതിന് അദ്ദേഹം തയ്യാറായില്ല. ഇന്നലെ രാത്രി വൈദ്യ പരിശോധന നടത്തിയ നേരത്ത് ശിവശങ്കറിന്റെ ആരോഗ്യനില തൃപ്തികരമായിരുന്നു.