Sunday, May 19, 2024
Newsworld

ചൈനീസ് റോക്കറ്റ് നിയന്ത്രണം വിട്ട് ഭൂമിയിലേക്ക്

മിസൈല്‍ ഉപയോഗിച്ച് തകര്‍ക്കേണ്ടി വരില്ലെന്ന് അമേരിക്ക

നിയന്ത്രണം വിട്ട് ഭൂമിയിലേക്ക് വരുന്ന ചൈനീസ് റോക്കറ്റിന്റെ ഭാഗം മിസൈലിട്ട് തകര്‍ക്കേണ്ടി വരില്ലെന്ന് അമേരിക്കന്‍ പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. . റോക്കറ്റിന്റെ ഭാഗങ്ങള്‍ ഭൂമിയില്‍ സുരക്ഷിതമായ സ്ഥലത്ത് തന്നെ വീഴുമെന്നാണ് കരുതുന്നതെന്നും പെന്റഗണ്‍ വക്താവ് പറഞ്ഞു. ലോംഗ് മാര്‍ച്ച് 5 ബി എന്ന റോക്കറ്റിന്റെ പ്രധാന ഭാഗമാണ് ഭൂമിയിലേക്ക് ഇപ്പോള്‍ തിരിച്ചു വരുന്നത്. റോക്കറ്റിന്റെ പ്രധാന ഭാഗം പസിഫിക് സമുദ്രത്തില്‍ തകര്‍ന്നു വീഴുമെന്നാണ് യുഎസ് വ്യോമസേന കരുതുന്നത്. അത് കൊണ്ട് ഭൂമിയിലേക്ക് പതിക്കുന്ന ഭാഗം മിസൈലിട്ട് തകര്‍ക്കാന്‍ അമേരിക്കയ്ക്ക് പദ്ധതിയില്ലെന്നും പെന്റഗണ്‍ ചീഫ് ലോയ്ഡ് ഓസ്റ്റിന്‍ പറഞ്ഞു. ഏപ്രില്‍ 29 ന് ചൈനീസ് ബഹിരാകാശ നിലയത്തിനു വേണ്ട പ്രധാന മൊഡ്യൂള്‍ ലക്ഷ്യത്തിലെത്തിച്ചത് ലോംഗ് മാര്‍ച്ച് 5 ബി റോക്കറ്റായിരുന്നു

റോക്കറ്റ് ഭാഗം മിസൈലിട്ട് തകര്‍ക്കാന്‍ ഉദ്ദേശമില്ല. ആര്‍ക്കും ബുദ്ധിമുട്ടാകാത്ത ഒരു സ്ഥലത്ത്, സമുദ്രമോ അല്ലെങ്കില്‍ അതുപോലുള്ള എവിടെയെങ്കിലും പതിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു എന്നാണ് ഓസ്റ്റിന്‍ സൂചിപ്പിക്കുന്നത്. റോക്കറ്റ് ഭാഗം വീഴാനുള്ള സമയവും സ്ഥലവും വിദഗ്ധര്‍ പരിശോധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ നിലവില്‍ മിസൈല്‍ ഉപയോഗിക്കാന്‍ പദ്ധതികളൊന്നുമില്ലെങ്കിലും ഭൂമിയിലേക്ക് പാഞ്ഞെത്തുന്ന അവശിഷ്ടങ്ങളെ വെടിവെച്ചിടാന്‍ അമേരിക്കയ്ക്ക് കഴിവുണ്ടെന്നും ഓസ്റ്റിന്‍ വെളിപ്പെടുത്തി.
സമുദ്രത്തിന്റെ തെക്ക് ഭാഗത്ത് ന്യൂസിലാന്റില്‍ നിന്ന് അകലെയല്ലാതെ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് റോക്കറ്റിന്റെ പ്രധാന ഭാഗം വീണ്ടും പ്രവേശിക്കുമെന്നാണ് വിദഗ്ദ്ധരുടെ കണക്കുകൂട്ടല്‍ല്‍ 21 ടണ്‍ ഭാരമുള്ള ഈ ബഹിരാകാശ പേടകത്തിന്റെ അവശിഷ്ടങ്ങള്‍ ന്യൂയോര്‍ക്ക് ഉള്‍പ്പെടെയുള്ള ഏതെങ്കിലും ജനസാന്ദ്ര പ്രദേശങ്ങളില്‍ വീണേക്കുമെന്നായിരുന്നു നേരത്തെയുള്ള കണക്കുകൂട്ടലുകള്‍.