Tuesday, May 14, 2024
indiaNews

കശ്മീരില്‍ സ്വാതന്ത്ര്യ ദിനത്തില്‍ ആക്രമണം നടത്താനുള്ള തീവ്രവാദികളുടെ പദ്ധതി തകര്‍ത്ത് പോലീസ്: നാലുപേര്‍ അറസ്റ്റില്‍

സ്വാതന്ത്ര്യ ദിനത്തില്‍ കശ്മീരില്‍ ആക്രമണം നടത്താനുള്ള തീവ്രവാദികളുടെ പദ്ധതി തകര്‍ത്ത് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് ജയ്ശെ മുഹമ്മദുമായി ബന്ധമുള്ള നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

പാകിസ്ഥാനില്‍ നിന്ന് ഡ്രോണ്‍ വഴി അതിര്‍ത്തി കടത്തുന്ന ആയുധങ്ങള്‍ ശേഖരിക്കാനെത്തിയവരെയാണ് അറസ്റ്റ് ചെയ്തത്. ജയ്ശെ മുഹമ്മദിന്റെ ആളുകള്‍ ഇത്തരത്തില്‍ ആയുധങ്ങള്‍ ഇന്ത്യയിലെത്തിക്കുന്നുണ്ടെന്നും അതുകൊണ്ടുതന്നെ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.

ആഗസ്റ്റ് 15ന് മുമ്പ് കശ്മീരിലെ വിവിധയിടങ്ങളില്‍ ബോംബുകള്‍ സ്ഥാപിക്കാനായിരുന്നു പിടിയിലായവരുടെ പദ്ധതി എന്നും ഇവരില്‍ നിന്നും ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തുവെന്നും പോലീസ് വ്യക്തമാക്കി. പുല്‍വാമയില്‍ നിന്നും മുന്‍തസിര്‍ മന്‍സൂര്‍ എന്നയാളാണ് ആദ്യം പോലീസ് പിടിയിലായത്.

ഒരു പിസ്റ്റള്‍, വെടിയുണ്ടകള്‍, രണ്ടു ചൈനീസ് ഗ്രനേഡ് എന്നിവയും കശ്മീരിലേക്ക് ആയുധങ്ങളുമായി എത്തിയ ട്രക്കും ഇയാളില്‍ നിന്ന് പിടികൂടി. മന്‍സൂറില്‍ നിന്നുള്ള വിവരങ്ങളുടെഅടിസ്ഥാനത്തിലാണ് ബാക്കി മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. പാകിസ്ഥാനിലെ ജെയ്ശ് കമാന്റര്‍ മുനാസിര്‍ എന്ന ഷാഹിദ് ആണ് ആയുധങ്ങള്‍ ശേഖരിക്കാന്‍ നിര്‍ദേശിച്ചതെന്ന് അറസ്റ്റിലായവര്‍ വ്യക്തമാക്കി. അതേസമയം സ്വതന്ത്ര്യദിനത്തില്‍ രാജ്യത്ത് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ സുരക്ഷാ ഏജന്‍സികള്‍ കര്‍ശന പരിശോധനയാണ് നടത്തുന്നത്. രാജ്യതലസ്ഥാനമടക്കം രാജ്യത്തെ പ്രധാന നഗരങ്ങളെല്ലാം അതീവ സുരക്ഷയിലാണ്.